subair

മലപ്പുറം: കത്വ, ഉന്നാവോ പെൺകുട്ടികളുടെ കുടുംബങ്ങൾക്ക് നിയമസഹായം നൽകുന്നതിന് പിരിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന ആരോപണം യൂത്ത് ലീഗിനുള്ളിൽ പൊട്ടിത്തെറിക്ക് വഴിവച്ചതോടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ.സുബൈർ രാജിവച്ചു. ഫണ്ട് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സി.കെ സുബൈറിനും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനുമെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തിരുന്നു. മുൻ യൂത്ത് ലീഗ് നേതാവ് യൂസഫ് പടനിലത്തിന്റെ പരാതിയിലായിരുന്നു നടപടി. പിന്നാലെ സുബൈറിനെതിരെ യൂത്ത് ലീഗിൽ ഒരുവിഭാഗം പട തുടങ്ങിയതോടെ മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് ദേശീയ അദ്ധ്യക്ഷൻ ഖാദർ മൊയ്തീന് രാജി സമർപ്പിക്കുകയായിരുന്നു.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോഴിക്കോട് ബ്രാഞ്ചിൽ തുടങ്ങിയ അക്കൗണ്ടിൽ ഒരു കോടിയോളം രൂപ എത്തിയെന്നും സി.കെ.സുബൈറും പി.കെ.ഫിറോസും ഇത് വകമാറ്റി ചെലവഴിച്ചെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഫണ്ട് തിരിമറിയിൽ യൂത്ത് ലീഗിനെതിരെ സി.പി.എമ്മും മന്ത്രി കെ.ടി ജലീലും രംഗത്തെത്തിയിരുന്നു. ഫണ്ട് വകമാറ്റിയിട്ടില്ലെന്നും ആരോപണത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നുമായിരുന്നു സി.കെ.സുബൈറിന്റെ നിലപാട്. കണക്കുകളിൽ അവ്യക്തതയുണ്ടെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈനലി ചൂണ്ടിക്കാട്ടിയത് വലിയ വിവാദമായിരുന്നു. ഫണ്ട് സംബന്ധിച്ച കണക്ക് ചോദിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്നാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റും ബംഗാൾ സ്വദേശിയുമായ സാബിർ എസ്. ഗഫാർ രാജിവച്ചതെന്നും ആരോപണമുണ്ട്.