nnnn

മലപ്പുറം: നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ 333 കോടിയുടെ ബഡ്‌ജറ്റുമായി മലപ്പുറം നഗരസഭ. സ്റ്റാർട്ടപ്പ്,​ വിദേശഭാഷാ പരിശീലനമടക്കം കാലത്തിനൊത്ത പദ്ധതികളും ഇടംപിടിച്ചിട്ടുണ്ട്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടൗൺ ഹാൾ, ബസ് സ്റ്റാൻഡ്,​ ഷോപ്പിംഗ് കോംപ്ലക്സുകൾ,​ ഓഫീസ് കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ ആസ്തികളും ആധുനികവത്കരിക്കും. വരുമാന വർദ്ധനവും നഗരത്തിന്റെ മോടി കൂട്ടലുമാണ് ലക്ഷ്യം. ഇതിലേക്കായി 100 കോടി വകയിരുത്തി. വലിയങ്ങാടിയിലെ ചരിത്രശേഷിപ്പുകൾ നിലനിറുത്തി ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്ന പൈതൃക നഗരം പദ്ധതിക്ക് ഒരു കോടി രൂപ വകയിരുത്തി. നഗരത്തെ സംസ്ഥാനത്തെ ഉദ്യാന നഗരമാക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കും. മിനി പാർക്കുകൾ,​ ഓപ്പൺ ജിംനേഷ്യം,​ ചിൽഡ്രൻസ് പാർക്ക്,​ പബ്ലിക് അമിനിറ്റീസ് എന്നിവ നിർമ്മിക്കും. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 75 ലക്ഷം ഉൾപ്പെടെ അഞ്ചുകോടി രൂപ പദ്ധതിക്കായി ലഭ്യമാക്കി.

ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ 36.5 കോടി രൂപ ലഭ്യമാക്കി. ജലസ്രോതസ്സുകളുടെ സംഭരണശേഷി വർദ്ധിപ്പിക്കും. പഴക്കംചെന്ന മുഴുവൻ ലൈനുകളും മാറ്റിസ്ഥാപിക്കും. പാണക്കാട് അർബൻ പ്രൈമറി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 30 ലക്ഷം വകയിരുത്തി. എൻ.ആർ.എച്ച്.എം ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മേൽമുറി വില്ലേജിൽ ഹോമിയോ,​ ആയുർവേദ ഡിസ്‌പെൻസറികൾ തുടങ്ങാൻ സ്ഥലം കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾക്ക് ഒരുകോടി രൂപ വകയിരുത്തി.

ലക്ഷ്യം ഉന്നത വിദ്യാഭ്യാസം

നഗരസഭ പരിധിയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഐ.ഐ.ടി ഉൾപ്പെടെയുള്ള രാജ്യത്തെ മുൻനിര കലാലയങ്ങളിൽ പ്രവേശനം നേടുന്നതിനുള്ള പരിശീലനത്തിന് അഞ്ച് ലക്ഷം രൂപ വകയിരുത്തി. ഏതെങ്കിലും ഒരുപ്രധാന വിദേശ ഭാഷയിൽ വിദ്യാർത്ഥികളെ നൈപുണ്യമുള്ളവരാക്കാൻ വിദ്യാലയങ്ങളിൽ പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചു.

കായികം

നഗരസഭയിലെ വനിതകൾക്കും പെൺകുട്ടികൾക്കും ആയോധന പരിശീലനം നൽകാൻ രണ്ടുലക്ഷം വകയിരുത്തി. ഹാജിയാർപള്ളിയിൽ ആധുനിക സ്‌പോർട്സ് കോംപ്ലക്സ് നിർമ്മിക്കാൻ 1.47 കോടിയും നഗരപ്രദേശത്തെ യുവജന ക്ലബ്ബുകളെ ശാക്തീകരിക്കുന്നതിന് ഇൻഡോർ സ്റ്റേഡിയവും ഫുട്‌ബോൾ അക്കാദമിയും സ്ഥാപിക്കാൻ 10 ലക്ഷവും അനുവദിച്ചു.

റോഡുകൾ

പുതിയ മൂന്ന് പ്രധാന റോഡുകൾക്കൊപ്പം വിവിധ വാർഡുകളിൽ റോഡ് നിർമ്മിക്കാൻ 4.25 കോടി വിനിയോഗിക്കും. വലിയവരമ്പ് ചെത്ത് പാലം ലിങ്ക് റോഡിന് ഒരു കോടിയും പനച്ചിച്ചിറ മിനി ബൈപാസ് റോഡ് 50 ലക്ഷവും കോട്ടപ്പടി പണിക്കർചിറ മുതൽ ചെത്തുപാലത്തിന് സമീപം കോഴിക്കോട് റോഡിലേക്ക് ലിങ്ക് റോഡ് നിർമ്മിക്കാൻ 58 ലക്ഷവും വകയിരുത്തി.

പ്രധാന പദ്ധതികളിവ

സമ്പൂർണ്ണ മാലിന്യ സംസ്‌കരണ പദ്ധതി - 50 കോടി

സ്റ്റാർട്ടപ്പ് വില്ലേജ് പദ്ധതി - മൂന്നു കോടി

തെരുവുവിളക്കുകൾ എൽ.ഇ.ഡിയാക്കൽ - ഒരുകോടി

യുവാക്കൾക്ക് തൊഴിലുറപ്പാക്കാൻ ജോബ് ഫെയർ മീറ്റ് - 2 ലക്ഷം

പട്ടികജാതി വിഭാഗങ്ങളുടെ വിവിധ ക്ഷേമപ്രവർത്തനങ്ങൾ - 65 ലക്ഷം

ഔഷധസസ്യ കൃഷി ഉൾപ്പെടെ പരിപോഷിപ്പിക്കൽ - 25 ലക്ഷം

ഭവനരഹിതർ ഇല്ലാത്ത മലപ്പുറം പദ്ധതി - 10 കോടി

ചരിത്രപൈതൃകഗവേഷണ സെമിനാർ - 5 ലക്ഷം

ഗസ്റ്റ്ഹൗസ് നിർമ്മാണം - രണ്ട് കോടി

ഇൻവെസ്റ്റ്‌മെന്റ് മീറ്റ് - 5 ലക്ഷം

നഗരസഭ മാർക്കറ്റ് ബിൽഡിംഗ് നിർമ്മാണം -12 കോടി

അംഗൻവാടി പോഷകാഹാര വിതരണ പദ്ധതി- 1.10 കോടി

സ്‌കൂളുകളിൽ മാലിന്യസംസ്‌കരണം - 30 ലക്ഷം

സിവിൽ സർവീസ് പരീക്ഷാ പരിശീലനം - 4 ലക്ഷം

സ്‌കൂളുകൾക്ക് ഫർണിച്ചർ വാങ്ങുന്നതി - 60 ലക്ഷം

വയോജന പോഷകാഹാര പദ്ധതി - 10 ലക്ഷം