
പരപ്പനങ്ങാടി : പ്രതികളെ തേടി കെട്ടുങ്ങൽ ബീച്ചിലെ വീട്ടിൽ അർദ്ധരാത്രിയെത്തിയ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. പൊലീസുകാർ അതിക്രമം കാണിച്ചെന്ന് നാട്ടുകാർ ആരോപിച്ചപ്പോൾ പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത് നാട്ടുകാർ തടയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൃത്യനിർവ്വഹണം തടസ്സപെടുത്തി പ്രതിയെ വാഹനത്തിൽ നിന്നും ഇറക്കിക്കൊണ്ടുപോയ കേസിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീട്ടുകാരായ നാലുപേർക്കെതിരെയും കണ്ടാലറിയാവുന്ന പതിനഞ്ചോളം പേർക്കെതിരെയും കേസെടുത്തതായി സി.ഐ അറിയിച്ചു
ചാവനാഹാജിയുടെ പുരയ്ക്കൽ സെയ്തലവിയുടെ വീട്ടിൽ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. സെയ്തലവിയുടെ മക്കളായ സഹദിനെയും ശിബിലിയെയും കസ്റ്റഡിയിലെടുക്കാനാണ്
പരപ്പനങ്ങാടി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ബീച്ചിലെത്തിയത്. സഹദ് വീട്ടിലുണ്ടായിരുന്നില്ല .. പൊലീസ് അതിക്രമിച്ച് വീട്ടിൽകയറിയെന്ന് വീട്ടുകാരും കസ്റ്റഡിയിലെടുത്ത ശിബിലിയെ കൊണ്ടുപോകാൻ വീട്ടുകാർ അനുവദിച്ചില്ലെന്ന് സിഐ ഹണി കെ ദാസും പറഞ്ഞു. ഇതിനിടെ പുറത്തുനിന്നെത്തിയ നാട്ടുകാരും പൊലീസും തമ്മിലും സംഘർഷമുണ്ടായി .സംഘർഷത്തിനിടെ പരിക്കേറ്റ സെയ്തലവിയുടെ ഭാര്യ സുഹറ, രണ്ടര വയസ്സായ പേരമകൾ എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിബിലിയെ കസ്റ്റഡിയിലെടുക്കുന്നത് ചോദ്യം ചെയ്ത സെയ്തലവിയെ സി.ഐയുടെ നേതൃത്വത്തിൽ വഴിയിലൂടെ വലിച്ചിഴച്ചെന്ന് നാട്ടുകാർ ആരോപിച്ചു.
സംഭവത്തെ തുടർന്ന് പൊലീസ് വാഹനം നാട്ടുകാർ തടഞ്ഞു . കസ്റ്റഡിയിലെടുത്ത ശിബിലിയെ വിട്ടയച്ചതിനെ തുടർന്നാണ് സംഘർഷത്തിന് അയവുവന്നത്.