മലപ്പുറം: ജില്ലയിൽ ലഹരി മാഫിയ പിടിമുറുക്കുന്നതിന്റെ തെളിവായി മാറുകയാണ് പുതുവർഷം തുടങ്ങിയ ശേഷമുള്ള ലഹരിക്കടത്തിലെ വർദ്ധനവ്. ജനുവരിയിൽ 68.78 കിലോഗ്രാം കഞ്ചാവാണ് ജില്ലയിൽ പിടികൂടിയത്. സംസ്ഥാനത്ത് എക്സൈസ് വകുപ്പ് ആകെ 202 കിലോഗ്രാം പിടികൂടിയ സ്ഥാനത്താണിത്. പൊലീസ് പിടികൂടിയ ലഹരികൾ കൂടാതെയാണിത്. ജനുവരിയിൽ ഏറ്റവും കൂടുതൽ കഞ്ചാവ് പിടികൂടിയത് മലപ്പുറത്താണ്. ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവിൽപ്പന നടത്തിവന്ന കുറക്കത്താണി സ്വദേശിയായ യുവാവിൽ നിന്ന് 50 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ചെറുകിട വിൽപ്പനക്കാരാണ് ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയിരുന്നത്. കൽപ്പകഞ്ചേരിയിൽ കഞ്ചാവിന് അടിമയാക്കിയാണ് 14 വയസുകാരിയെ ഏഴുപേർ മാസങ്ങളോളം പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
നാല് മാസത്തിനിടെ 285 കിലോഗ്രാം കഞ്ചാവാണ് ജില്ലയിൽ പിടികൂടിയത്. 123 ലഹരിക്കടത്ത് കേസുകളിലായി 126 പേർ അറസ്റ്റിലായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ 69 എൻ.ഡി.പി.എസ് കേസുകളുണ്ടായി. 68 പേർ അറസ്റ്റിലായി. ഹൈറോയിൻ - 701 ഗ്രാം, എൽ.എസ്.ഡി- 0.139 ഗ്രാം, വിവിധ വേദന സംഹാരി മരുന്നുകളും പിടികൂടിയവയിലുണ്ട്.
പുതുലഹരികളുടെ തള്ളിക്കയറ്റം
പുതുതലമുറ ലഹരികളുടെ വരവ് ജില്ലയിൽ ഒട്ടുംകുറവല്ല.
എളുപ്പത്തിൽ ആരുടെയും ശ്രദ്ധ പതിയാത്ത വിധം ഇവ കടത്താനാവും എന്നതിനാൽ പിടികൂടുക ഏറെ ശ്രമകരമാണ്. പലപ്പോഴും വാഹന പരിശോധന നടത്തുമ്പോഴും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇത്തരം മയക്കുമരുന്നുകൾ പിടികൂടാറുള്ളത്.
ലഹരി ഉപയോഗം പെട്ടെന്ന് തിരിച്ചറിയാനാവില്ലെന്നതിനാൽ വിദ്യാർത്ഥികൾക്കിടയിൽ സിന്തറ്റിക് ലഹരികൾക്ക് ആവശ്യക്കാരേറെയാണ്.
പാർട്ടി ഡ്രഗ്ഗ് എന്നറിയപ്പെടുന്ന എം.ഡി.എം.എ ഒരുതരി ഉപയോഗിച്ചാൽ തന്നെ ലഹരി മണിക്കൂറുകളോളം നിലനിൽക്കും. കൂടിയ അളവിലുള്ള ഇവയുടെ ഉപയോഗം പൊടുന്നനെയുള്ള മരണത്തിനും വഴിവയ്ക്കും.
88.27 ഗ്രാം എം.ഡി.എം.എ ആണ് ഡിസംബർ, ജനുവരി മാസങ്ങളിലായി പിടികൂടിയത്.
ജനുവരിയിൽ പിടികൂടിയ കഞ്ചാവ്
ജില്ല കിലോഗ്രാം
പാലക്കാട് - 54.87
ഇടുക്കി - 21.61
കൊല്ലം - 11.09
തിരുവനന്തപുരം - 10.61
ആലപ്പുഴ - 6.49
കോഴിക്കോട് - 5.86
കണ്ണൂർ- 5.65
എറണാകുളം - 5.57
തൃശൂർ - 5.12
വയനാട് - 4.22
കോട്ടയം- 1.63
പത്തനംതിട്ട - 0.486
കാസർകോട് - 0.277