pravasi

കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലെന്നാണ് പ്രവാസികളുടെ വിശേഷണം. അവഗണന എത്രയേറ്റാലും പിറന്ന നാടിനെ നെഞ്ചോട് ചേർക്കുന്നവ‌ർ. പ്രളയകാലയളവിൽ നാടിനെ ഓർത്ത് നെഞ്ചുനീറിയവർ. ഇങ്ങനെ എത്ര വിശേഷിപ്പിച്ചാലും തീരില്ല ഈ മനുഷ്യരെ. ഇവർ നീട്ടിയ കരങ്ങളിലാണ് നാട് എണീറ്റു നിന്നത്. എന്നാൽ ലോകം കൊവിഡിന് മുന്നിൽ വാതിലടയ്‌ക്കും മുൻപേ ഇവർക്ക് നേരെ നമ്മൾ വാതിലടച്ചു കളഞ്ഞു. അന്ന് തുടങ്ങിയ അവഗണന ഇന്നും തുടരുന്നതിന്റെ നോവിലാണ് നാടണയാൻ കൊതിക്കുന്നവർ. കൊവിഡിന്റെ വകഭേദങ്ങൾ ഇന്ത്യയിലെത്താൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ പുതിയ നിബന്ധനകൾ കൊണ്ടുവന്നത്. നടപ്പാക്കുന്നതിലെ അലംഭാവം മൂലം ഇത് വിനയായി മാറിയിരിക്കുകയാണ് പ്രവാസികൾക്ക്.

പ്രതീക്ഷയറ്റ തിരിച്ചുവരവ്

ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസിന് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയതോടെ ദുബായ് വഴിയുള്ള യാത്രയായിരുന്നു സൗദിയിലെത്താനുള്ള പ്രവാസികളുടെ ഏക ആശ്രയം. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പ്രവാസികളുള്ളത് സൗദി അറേബ്യയിലാണ്. വിസ കാലാവധി തീരാറായവരും ജോലി നഷ്ടപ്പെടുമോയെന്ന് ഭയക്കുന്നവരും ഏത് വിധേനയും സൗദിയിലെത്താനുള്ള തത്രപ്പാടിലായിരുന്നു. ഇതോടെ കരിപ്പൂർ വഴി ദുബായിലെത്തി ഇവിടെ നിന്ന് ഏഴ് ദിവസത്തെ ക്വാറന്റൈന് ശേഷം സൗദി അറേബ്യയിലേക്ക് പോവുകയായിരുന്നു ലക്ഷ്യം. എന്നാൽ അപ്രതീക്ഷിത നീക്കത്തിലൂടെ യു.എ.ഇയുമായുള്ള വ്യോമാതിർത്തിയും സൗദി അടച്ചതോടെ നിരവധി മലയാളികളാണ് ദുബായിൽ കുടുങ്ങിയത്. ദുബായ് വഴി സൗദിയിലേക്കുള്ള യാത്രയ്‌ക്ക് ഒരുലക്ഷം രൂപയോളം ചെലവാകും. വിമാന ടിക്കറ്റ്, ക്വാറന്റൈൻ ചെലവ് എന്നിവ സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചെടുത്തോളം താങ്ങാനാവാത്ത ഭാരമാണ്. സമയപരിധിക്കുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് പലരും ദുബായ് വഴിയുള്ള യാത്ര തിരഞ്ഞെടുത്തത്. ഗൾഫ് അതിർത്തി തുറക്കുന്ന കാര്യത്തിൽ സൗദി ഭരണകൂടം അനുകൂല നിലപാടെടുക്കുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് പലരും. തിരിച്ച് നാട്ടിലേക്കുള്ള യാത്രയ്ക്ക് പോലും പണമില്ലാതെ ദുരിതമനുഭവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ദുബായിൽ കുടുങ്ങിക്കിടക്കുന്നവരോട് നാട്ടിലേക്ക് തിരിച്ചുപോവാൻ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അഭ്യാർത്ഥിച്ചിട്ടുണ്ട്.

കൈയിൽ ഒന്നുമില്ല,​ പിഴിയല്ലേ

നിലവിൽ കരിപ്പൂരിലെത്തുന്ന പ്രവാസികളിൽ നല്ലൊരു പക്ഷവും ദുബായ്, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് മടങ്ങിവരുന്നവരാണ്. സൗദിയിലേക്ക് പോവാൻ കഴിയാതെ തിരിച്ചുപോരുന്നവരും യു.എ.ഇയിൽ ജോലി നഷ്ടപ്പെട്ടവരും അടക്കം ഇക്കൂട്ടത്തിലുണ്ട്. ടിക്കറ്റ് നിരക്ക് കുറയും എന്നതിനാൽ അബുദാബി അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് ഏറെദൂരം താണ്ടി റാസൽഖൈമയിലെത്തി വിമാനം കയറുന്നവരുമുണ്ട്. കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനാ ഫലവുമായി വേണം നാട്ടിലേക്ക് തിരിക്കാൻ. യു.എ.ഇയിൽ 2,500 മുതൽ 3,000 രൂപയ്ക്ക് മുകളിൽ വരെ ആർ.ടിപി.സി.ആർ ടെസ്റ്റിന് ഈടാക്കുന്നുണ്ട്. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരെ സംബന്ധിച്ചിടത്തോളം ഇതുതന്നെ വലിയ ഭാരമാണ്. നേരത്തെ ഫാമിലി വിസയിൽ കഴിഞ്ഞിരുന്ന പലരും പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിസ റദ്ദാക്കി കുടുംബസമേതം നാട്ടിലേക്ക് തിരിക്കുന്നുണ്ട്. നവജാത ശിശുവിനടക്കം കൊവിഡ് നെഗറ്റീവ് റിസൽട്ട് നിർബന്ധമാണ്. ഇതിനൊപ്പം കേരളത്തിലെത്തിയാൽ സ്വന്തം ചെലവിൽ വിമാനത്താവളത്തിൽ മറ്റൊരു കൊവിഡ് പരിശോധനയും നടത്തണം. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ 1,700 മുതൽ 1,350 രൂപ വരെ ആർ.ടിപി.സി.ആർ ടെസ്റ്റിന് നൽകണം. മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ നിരക്ക് കൂടുതലാണെന്ന് പ്രവാസികൾ പരാതിപ്പെട്ടിരുന്നു. പിന്നാലെ നിരക്ക് 1,350 രൂപയായി ക്രമീകരിച്ചു. കൊവിഡ് പരിശോധനയ്ക്കുള്ള ഫീസായി ഇന്ത്യൻ രൂപ മാത്രമേ സ്വീകരിക്കൂ. എന്നാൽ ഇന്ത്യൻ രൂപ കൈവശമില്ലാത്തവർക്ക് നാണയ വിനിമയത്തിനുള്ള സംവിധാനം കരിപ്പൂരിൽ ഒരുക്കിയിട്ടില്ല. കൊവിഡിന് ശേഷം വിമാനത്താവളത്തിലെ നാണയ വിനിമയ കൗണ്ടർ തുറന്നിട്ടില്ല. വിമാനത്താവളത്തിന് പുറത്ത് യാത്രക്കാരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കളുടെ കൈവശം പണമുണ്ടെങ്കിൽ ഇതു കൈപ്പറ്റാൻ അനൗദ്യോഗിക കൗണ്ടർ ടെർമിനലിന് പുറത്തുണ്ട്. ഇവിടെ പണം ലഭിച്ചാൽ പരിശോധന നടക്കുന്ന കൗണ്ടറിലേക്ക് പണം കൈമാറുകയാണ് ചെയ്യുന്നത്. ഭൂരിഭാഗം യാത്രക്കാരുടെ കൈയിലും ഇന്ത്യൻ രൂപയില്ലാത്തതിനാൽ കൗണ്ടിറിന് മുന്നിലും ഫീ അടയ്‌ക്കാൻ തിരക്കാണ്. യാത്രക്കാർ ഏറെയുള്ള പുലർച്ചെ മുതൽ രാവിലെ ഒൻപത് വരെയാണ് ഇത്തരത്തിൽ വലിയ തിരക്കുള്ളത്.


പ്രതിഷേധിച്ച് പ്രവാസികൾ
മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ. ഇതിനുമാത്രം 5,000 രൂപയിലധികം ഒരാൾക്ക് ചെലവാകും. നാല് പേരടങ്ങിയ കുടുംബത്തിന് യു.എ.ഇയിൽ കൊവിഡ് ടെസ്റ്റിന് 20,000 രൂപയോളം നൽകണം. അധിക ചെലവിനൊപ്പം രണ്ടാഴ്‌ചത്തെ ക്വാറന്റൈൻ അടക്കം അധികൃതരുടെ നിബന്ധനകൾ കൂടിയായതോടെ കഴിഞ്ഞ ദിവസങ്ങളിൽ കരിപ്പൂർ വിമാനത്താവളം യാത്രക്കാരുടെ വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷിയായിരുന്നു. ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണനും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീനയും വിമാനത്താവളത്തിലെത്തി ചർച്ച നടത്തിയാണ് പ്രതിഷേധം തണുപ്പിച്ചത്.

യാത്ര റദ്ദാക്കി മലയാളികൾ
രണ്ടുതവണ കൊവിഡ് പരിശോധനയും രണ്ടാഴ്ചത്തെ ക്വാറന്റൈനും നിർബന്ധമാക്കിയതോടെ നിരവധി പ്രവാസികൾ യാത്ര റദ്ദാക്കിയിട്ടുണ്ട്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർക്കും വാക്സിൻ സ്വീകരിച്ചവർക്കും വീണ്ടും കൊവിഡ് പരിശോധനയും ക്വാറന്റൈനും ഒഴിവാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. യു.എ.ഇ അടക്കമുള്ള മിക്ക ഗൾഫ് രാജ്യങ്ങളിലും ലേബർ ക്യാമ്പുകളക്കം കേന്ദ്രീകരിച്ച് കൊവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ കിട്ടിയവരാണ് ഇവരെല്ലാം. കേരളത്തെ അപേക്ഷിച്ച് താരതമ്യേനെ കൊവിഡ് നിരക്ക് കുറഞ്ഞ ഗൾഫിൽ നിന്നെത്തുന്നവർക്ക് രണ്ടു തവണ പരിശോധന നിർബന്ധമാക്കുകയും അതേസമയം കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ അടക്കം ജാഥകൾക്കും ആഘോഷങ്ങൾക്കും യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്താതിരിക്കുകയും ചെയ്യുന്നതായി പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. ജോലി നഷ്ടപ്പെട്ടതടക്കം വിവിധ ബുദ്ധിമുട്ടുകളെ തുടർന്ന് നാട്ടിലെത്തുന്നവരോട് ചെയ്യുന്ന കടുത്ത അനീതിയാണെന്നും പരിശോധനാ ഫീസ് സർക്കാർ വഹിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. പ്രവാസികളുടെ വലിയ പ്രതിഷേധങ്ങളെ തുടർന്ന് ആർ.ടി.പി.സി.ആർ ടെസ്റ്റ് സൗജന്യമാക്കാൻ ഇന്നലെ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ അത്യാവശ്യങ്ങൾക്കായി പോകുന്നവരെ പരിശോധനാ ഫലം ഹാജരാക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും എയർ സുവിധയിൽ നിന്നും ഇതിന് അനുമതി ലഭിക്കണം. എന്നാൽ ഇതിനുള്ള നടപടിക്രമങ്ങളും കാലതാമസവും മൂലം പലരും യാത്ര ഒഴിവാക്കാൻ നിർബന്ധിതരാവുന്നുണ്ട്.