klkk

മലപ്പുറം: ജനുവരിയിലെ റെക്കാഡ് മഴയ്ക്ക് പിന്നാലെ നിരാശപ്പെടുത്താതെ ഫെബ്രുവരിയും. സാധാരണഗതിയിൽ ഫെബ്രുവരി പകുതിയോടെ ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാവാറുണ്ട്. കഴിഞ്ഞ രണ്ട് മാസങ്ങളിലെ മഴ ജലസ്രോതസുകളിലെ ജലനിരപ്പ് വലിയതോതിൽ കുറയാതിരിക്കാൻ സഹായകമായി. ജനുവരി മുതൽ ഇന്നലെ വരെ 95.2 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. സാധാരണഗതിയിൽ 5.9 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ ലഭിക്കാറുള്ളത്. മഴയിൽ 1,514 ശതമാനത്തിന്റെ വർദ്ധനവാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതർ രേഖപ്പെടുത്തിയത്.

ജനുവരിയിൽ ജില്ലയിൽ മൂന്ന് പതിറ്റാണ്ടിനിടയിലെ കൂടിയ മഴയായിരുന്നു ലഭിച്ചിരുന്നത്. ഇതാണ് ലഭിച്ച മഴയുടെ അളവ് പലയിരട്ടിയായി വർദ്ധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടയിലും ജില്ലയിൽ സാധാരണഗതിയിൽ ലഭിക്കേണ്ടതിന്റെ ആറിരട്ടിയോളം മഴ ലഭിച്ചിട്ടുണ്ട്. 1.2 മില്ലീമീറ്റർ കിട്ടേണ്ടപ്പോൾ 12.6 മില്ലീമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. കണ്ണൂർ കഴിഞ്ഞാൽ ഇക്കാലയളവിൽ കൂടുതൽ മഴ ലഭിച്ചത് മലപ്പുറത്താണ്. 15.12 മില്ലീ മീറ്ററാണ് കണ്ണൂരിലേത്. കേരളത്തിൽ ശരാശരി മൂന്ന് ശതമാനം മഴയുടെ കുറവുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലും മലപ്പുറവും കണ്ണൂരുമാണ് മഴയുടെ കാര്യത്തിൽ മുന്നിൽ.
മൺസൂണിൽ ജില്ലയിൽ 10 ശതമാനം അധിക മഴ ലഭിച്ചിരുന്നു. എന്നാൽ മൺസൂണിന് ശേഷം ലഭിക്കേണ്ട മഴയിൽ വലിയ കുറവുണ്ടായി. നവംബർ വരെ മഴയിൽ 35 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിൽ മഴ തീർത്തും കുറഞ്ഞതോടെ ജില്ല മഴക്കുറവിലേക്കാണ് നീങ്ങിയത്. അതേസമയം ജനുവരി,​ ഫെബ്രുവരി മാസങ്ങളിലെ മഴയോടെ ഇതിന് പരിഹാരമുണ്ടായി.

കാലാവസ്ഥ വ്യതിയാനമാണ് കഴിഞ്ഞ രണ്ട് മാസങ്ങളിലെ കൂടിയ മഴയ്ക്ക് കാരണം. ജനുവരിയിൽ റെക്കാഡ് മഴയാണ് ലഭിച്ചത്. ഒരാഴ്ച്ച കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്.

കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതർ