ആകെ മണ്ഡലങ്ങൾ- 16, യു.ഡി.എഫ് -12, എൽ.ഡി.എഫ്- 4
യു.ഡി.എഫ്: വണ്ടൂർ, ഏറനാട്, മഞ്ചേരി, മലപ്പുറം, കോട്ടക്കൽ, കൊണ്ടോട്ടി,വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, പെരിന്തൽമണ്ണ, മങ്കട, തിരൂർ
എൽ.ഡി.എഫ്: നിലമ്പൂർ, താനൂർ, തവനൂർ, പൊന്നാനി
1957ലെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ മുസ്‌ലിം ലീഗിനോടാണ് ചായ്‌വ്. 16 മണ്ഡലങ്ങളിൽ പന്ത്രണ്ടിടത്ത് ലീഗും നാലിടത്ത് കോൺഗ്രസും മത്സരിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ, തവനൂർ, പൊന്നാനി, താനൂർ മണ്ഡലങ്ങളുമായി ചരിത്രത്തിലെ മികച്ച വിജയമാണ് എൽ.ഡി.എഫ് നേടിയത്. യു.ഡി.എഫിലെ പടലപ്പിണക്കങ്ങളും സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണവുമാണ് ഇടതിനെ തുണച്ചത്.
2017ൽ ഇ.അഹമ്മദ് എം.പിയുടെ നിര്യാണത്തെ തുടർന്ന് വേങ്ങരയിൽ നിന്ന് രാജിവെച്ച് ലോക് സഭയിലേക്ക് മത്സരിച്ച പി.കെ.കുഞ്ഞാലിക്കുട്ടിക്ക് 1.71 ലക്ഷത്തിന്റെ വലിയ ഭൂരിപക്ഷമേകി. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ കെ.എൻ.എ ഖാദറിനും 23,310 വോട്ടിന്റെ ഭൂരിപക്ഷമേകി.
2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗത്തിനൊപ്പം ഭൂരിപക്ഷവും ഉയർന്നു. മലപ്പുറം, പൊന്നാനി പാർലമെന്റ് മണ്ഡലങ്ങളിലായി കിടക്കുന്ന 16 അസംബ്ലി നിയോജകമണ്ഡലങ്ങളിൽ എല്ലായിടത്തും യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുണ്ടായി.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുതരംഗമുണ്ടായപ്പോഴും മലപ്പുറം ഇളകിയില്ല. പൊന്നാനിയും തവനൂരും ഇടതിനെ പിന്തുണച്ചപ്പോൾ മറ്റു മണ്ഡലങ്ങൾ യു.ഡി.എഫിനൊപ്പം നിന്നു.
മുസ്‌ലിം സമുദായം നിർണ്ണായകമായ ജില്ലയിൽ മലയോര, തീര മേഖലകളിൽ ക്രൈസ്തവ, പിന്നാക്ക സമുദായ വോട്ടുകളുടെ സ്വാധീനമുണ്ട്.