
ചങ്ങരംകുളം: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിക്കാൻ പിണറായി വിജയന് യോഗ്യതയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ചങ്ങരംകുളത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യു.പി മുഖ്യമന്ത്രിയുടെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത പിണറായിക്കില്ല. യോഗി ആദിത്യനാഥ് അഴിമതി നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഓഫീസ് ഡോളറും സ്വർണവും കടത്തുന്നില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കിടന്നിട്ടുമില്ല. യോഗി വരും മുമ്പ് യു.പിയിലെ ആരോഗ്യമേഖല തകർച്ചയിലായിരുന്നു. എന്നിട്ടും കൊവിഡിനെ ഫലപ്രദമായി നേരിടാൻ അദ്ദേഹത്തിനായി. പിണറായി സർക്കാരാവട്ടെ ദയനീയമായി പരാജയപ്പെട്ടു. രാഹുൽഗാന്ധിയെ വിമർശിക്കും മുമ്പ് അദ്ദേഹത്തിന്റെ ഔദാര്യത്തിലാണ് സി.പി.എം നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി ഓർക്കണം. കേരളത്തിന് പുറത്ത് എല്ലായിടത്തും രാഹുലിന്റെ പാർട്ടിയുടെ സഖ്യകക്ഷിയാണ് സിപിഎം. പിണറായി ഇടയ്ക്കിടെ നിലപാട് മാറ്റുകയാണ്. മുഖ്യമന്ത്രി ആരെയൊക്കെ കാണുന്നു, അദ്ദേഹത്തെ ആരൊക്കെ കാണുന്നു എന്നറിയാൻ സംവിധാനമില്ലേ. കോടിക്കണക്കിന് രൂപയുടെ കരാർ ഒപ്പിടാൻ വന്നവരെ കണ്ടത് ഓർമ്മയില്ലെന്ന് ലാഘവത്തോടെ പറയാൻ മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയുന്നു. തുടർച്ചയായി ദുരൂഹതയിലാവുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. അഴിമതിക്കെതിരെ പ്രതിപക്ഷം പ്രതികരിക്കുമ്പോൾ കോൺഗ്രസ്- ബി.ജെ.പി സഖ്യമെന്ന പഴഞ്ചൻ നിലപാട് സി.പി.എമ്മുകാർ മാറ്റിപിടിക്കണം.
-സുരേന്ദ്രൻ പറഞ്ഞു.