election

മലപ്പുറം: അങ്കത്തട്ടിലെ പോരിനുള്ള തീയതി നിശ്ചയിക്കപ്പെട്ടതോടെ ഇനി തന്ത്രങ്ങളുടെ ചൂടേറും. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥി ചിത്രം വൈകാതെ വ്യക്തമാവും. അന്തിമ ചർച്ചകളിലാണ് പാർട്ടികൾ. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പ്രാമുഖ്യമേകുന്ന പട്ടികയാവും മുന്നണികളുടേതെന്നാണ് വിവരം. നിയമസഭയ്‌ക്കൊപ്പം മലപ്പുറം ലോക്സഭ തിരഞ്ഞെടുപ്പും ഒരുമിച്ചുവരുന്നതിനാൽ അങ്കത്തട്ടിൽ പതിവിലേറെ വീറും വാശിയും പ്രകടമാവും. കുഞ്ഞാലിക്കുട്ടിയുടെ രാജി ഉയർത്തിയ വിവാദങ്ങൾക്ക് മറുപടിയായി ഭൂരിപക്ഷം വലിയ ഇടിവില്ലാതെ നിലനിറുത്തുകയാണ് ലീഗിന് മുന്നിലെ വെല്ലിവിളി.ലീഗിന്റെ അനിഷേധ്യ നേതാവായിരുന്ന ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ മകനും ദേശീയ സെക്രട്ടറിയുമായ സിറാജ് സേട്ട്, എം.പി.അബ്ദുസ്സമദ് സമദാനി, എൻ.ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി എന്നിവരുടെ പേരുകളാണ് സാദ്ധ്യതാ പട്ടികയിലുള്ളത്. ദേശീയ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാൻ കഴിയുന്ന നേതാവെന്ന പരിഗണനയാണ് സിറാജ് സേട്ടിനുള്ളത്. നിയമസഭയിലേക്ക് തന്നെ മത്സരിക്കാനാണ് എൻ.ഷംസുദ്ദീന് താത്പര്യം.

കഴിഞ്ഞ തവണത്തെ നാല് സീറ്റെന്ന വലിയ നേട്ടം മലപ്പുറത്ത് ആവർത്തിക്കാനുള്ള തന്ത്രങ്ങളിലാണ് ഇടത് നേതൃത്വം. 2016ൽ നേടിയ നിലമ്പൂർ, താനൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങൾക്കൊപ്പം പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലാണ് ഇടതുപക്ഷം കൂടുതൽ പ്രതീക്ഷ വയ്ക്കുന്നത്. ഇതിനൊപ്പം ഏറനാട്, വണ്ടൂർ നിയോജക മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണത്തിലൂടെ മത്സരം കടുപ്പിക്കാനും നീക്കമുണ്ട്. താനൂരിൽ വിജയം ആവർത്തിക്കുമോയെന്നതിൽ സി.പി.എമ്മിന് ആശങ്കയുണ്ട്. പൊന്നാനിയിലും തവനൂരിലും വിജയം ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം.

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ ഉയർന്ന ഇടതുതരംഗം മലപ്പുറത്ത് പ്രകടമായില്ലെന്നതാണ് ഇടതിന്റെ ആശങ്ക. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിൽ പൊന്നാനിയും തവനൂരും ഇടതിനെ പിന്തുണച്ചപ്പോൾ മറ്റു മണ്ഡലങ്ങൾ യു.ഡി.എഫിനൊപ്പം നിന്നു. 36.43 ശതമാനം വോട്ടാണ് മുസ്‌ലിം ലീഗ് നേടിയത്. കോൺഗ്രസ്- 14.5, സി.പി.എം 28.35, സി.പി.ഐ 3.06, ബി.ജെ.പി 6.48 % എന്നിങ്ങനെയാണ് വോട്ട് വിഹിതം. യു.ഡി.എഫ് 50.49ഉും എൽ.ഡി.എഫ് 36.85 ശതമാനവും വോട്ട് നേടി. 2,20,9208 വോട്ട് പോൾ ചെയ്തതിൽ എൽ.ഡി.എഫിന് 8,14,317 വോട്ട് ലഭിച്ചപ്പോൾ ലീഗിന് മാത്രം 8,02,834 വോട്ടുണ്ട്. മൂന്ന് ലക്ഷം വോട്ടിന്റെ ലീഡുണ്ട് യു.ഡി.എഫിന്. കഴിഞ്ഞ തവണത്തേക്കാൾ മികച്ച നേട്ടമുണ്ടാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.

പോരിന് വാശിയേറും

തട്ടകത്തിലെ 16 സീറ്റുകളിൽ 14ഉം ലക്ഷ്യമിട്ട് യു.ഡി.എഫും സമീപകാലത്തെ മികച്ച നേട്ടമായ നാല് സീറ്റ് നിലനിറുത്താൻ എൽ.ഡി.എഫും കച്ചകെട്ടിയിറങ്ങുമ്പോൾ മലപ്പുറത്തെ പോരിന് വീറും വാശിയുമേറും. യു.ഡി.എഫിൽ മത്സരാർത്ഥികളുടെ ഏകദേശ ചിത്രം രൂപപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ തേടുന്ന തിരക്കിലാണ് എൽ.ഡി.എഫ് ക്യാമ്പ്. പി.കെ.കുഞ്ഞാലിക്കുട്ടി,​ മന്ത്രി കെ.ടി.ജലീൽ,​ സ്പീക്ക‌ർ പി.ശ്രീരാമകൃഷ്ണൻ,​ എ.പി.അനിൽകുമാ‌ർ എന്നിവരാണ് സീറ്റുറപ്പിച്ച ഗ്ലാമർ സ്ഥാനാർത്ഥികൾ. എൽ.ഡി.എഫ് പിടിച്ചെടുത്ത നിലമ്പൂ‌രിൽ സിറ്റിംഗ് എം.എൽ.എ പി.വി.അൻവ‌ർ ഇടത്‌ സ്വതന്ത്രനാവും. ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശായേക്കും എതിരാളി. കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിൽ ഐ.എൻ.എല്ലിലെ കെ.പി.ഇസ്‌മായിൽ മത്സരിച്ചേക്കും. സ്പീക്ക‌ർ പി.ശ്രീരാമകൃഷ്ണന്റെ പൊന്നാനിയിൽ കോൺഗ്രസിലെ അഡ്വ.എ.എം.രോഹിതും സിദ്ദീഖ് പന്താവൂരും പരിഗണനയിലുണ്ട്. ​ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെയും മന്ത്രി കെ.ടി. ജലീലിന്റെയും മണ്ഡലങ്ങൾ പരസ്പരം വച്ചുമാറാനും ആലോചനയുണ്ട്. സീറ്റുമോഹിക്കുന്ന സി.ഐ.ടി.യു നേതാവിന്റെയും ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെയും നേതൃത്വത്തിൽ പ്രാദേശിക നേതാക്കളുടെ എതിർപ്പാണ് ഇതിനുകാരണം. എന്നാൽ ഇരുവരും നിലവിലെ മണ്ഡലങ്ങളിൽ തന്നെ മത്സരിക്കുമെന്നാണ് അനൗദ്യോഗികമായി നേതൃത്വം പറയുന്നത്.

ഏറനാട്ടിൽ സിറ്റിംഗ് എം.എ.എ ലീഗിലെ പി.കെ.ബഷീറിനെതിരെ​ ഇടതുസ്വതന്ത്രനായി മുൻദേശീയ ഫുട്ബാൾ ടീം ക്യാപ്റ്റൻ യു.ഷറഫലിയും ​കോട്ടയ്ക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എക്കെതിരെ എൻ.സി.പി ദേശീയ സെക്രട്ടറി എൻ.എ.മുഹമ്മദ്കുട്ടിയും മത്സരിച്ചേക്കും.

തവനൂരിൽ മന്ത്രി കെ.ടി.ജലീലിനെതിരെ യൂത്ത് കോൺഗ്രസ് നേതാവാകും മത്സരിക്കുക. ലീഗിന്റെ മഞ്ഞളാകുഴി അലി വിജയിച്ച പെരിന്തൽമണ്ണയിൽ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.അഷ്റഫലിയെയും പരിഗണിക്കുന്നുണ്ട്. സി.പി.എമ്മിന്റെ എം.മുഹമ്മദ് സലീം മത്സരിച്ചേക്കും. മുൻ മലപ്പുറം മുനിസിപ്പാലിറ്റി ചെയർമാനും ലീഗുകാരനുമായ കെ.പി.മുഹമ്മദ് മുസ്തഫയെ ഇടതുസ്വതന്ത്രനായി മത്സരിപ്പിക്കാനും നീക്കമുണ്ട്. മങ്കടയിൽ ലീഗിന്റെ സിറ്റിംഗ് എം.എൽ.എ അഹമ്മദ് കബീറിന് പകരം കൂടുതൽ പേരുകളുയ‌ർന്നിട്ടുണ്ട്. മഞ്ഞളാംകുഴി അലിക്കും സാദ്ധ്യതയുണ്ട്. മലപ്പുറത്തെ സിറ്റിംഗ് എം.എൽ.എ പി.ഉബൈദുള്ളയ്ക്ക് പകരം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് മത്സരിച്ചേക്കും. ഇക്കാര്യത്തിൽ ലീഗിൽ വ്യക്തത വന്നിട്ടില്ല. പൊതുസ്വതന്ത്രനേയോ യുവാക്കളേയോ സി.പി.എം പരിഗണിക്കും.

വള്ളിക്കുന്നിൽ സിറ്റിംഗ് എം.എൽ.എ ലീഗിലെ അബ്ദുൾഹമീദിനെതിരെ ഐ.എൻ.എൽ സംസ്ഥാന പ്രസിഡ‌ന്റ് പ്രൊഫ.എ.പി. അബ്ദുൾ വഹാബ് മത്സരിച്ചേക്കും. തിരൂരങ്ങാടിയിൽ ലീഗിലെ സിറ്റിംഗ് എം.എൽ.എ പി.കെ.അബ്ദുറബ്ബിന് പകരക്കാരനെത്തും. സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് ഇടതുസ്വതന്ത്രനായേക്കും. കൊണ്ടോട്ടിയിൽ സിറ്റിംഗ് എം.എൽ.എ ടി.വി.ഇബ്രാഹീമിന് ലീഗ് വീണ്ടും അവസരമേകിയേക്കും. സി.പി.എമ്മിന്റെ സീറ്റിനായി സി.പി.ഐ ശ്രമിക്കുന്നുണ്ട്. മഞ്ചേരിയിൽ ലീഗിന്റെ സിറ്റിംഗ് എം.എൽ.എ ഉമ്മറിന് അവസരമേകുന്നതിൽ തീരുമാനമായിട്ടില്ല. സി.പി.ഐയുടെ സീറ്റായ മഞ്ചേരി ഏറ്റെടുത്ത് കൊണ്ടോട്ടി നൽകാൽ സി.പി.എമ്മിൽ ആലോചനയുണ്ട്. ഇങ്ങനെയെങ്കിൽ ക‌ർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം ഷൗക്കത്തായേക്കും ഇടതുസ്ഥാനാർത്ഥി. താനൂരിലെ ഇടത് സിറ്റിംഗ് എം.എൽ.എ വി.അബ്ദുറഹ്മാൻ തിരൂരിലേക്കും ഇവിടെ മത്സരിച്ച ഗഫൂർ പി.ലില്ലീസ് താനൂരിലേക്കും മാറിയേക്കും. താനൂരിൽ ലീഗിനായി പി.കെ.ഫിറോസടക്കം പരിഗണനയിലുണ്ട്. വണ്ടൂരിൽ സിറ്റിംഗ് എം.എൽ.എ കോൺഗ്രസിലെ എ.പി അനിൽകുമാറിനെതിരെ ഇടതുസ്വതന്ത്രനെയാണ് പരിഗണിക്കുന്നത്.