muslim-league-demands-thi

മലപ്പുറം: മുസ്ലിം ലീഗിന് മൂന്നു സീറ്റ് അധികം നൽകാൻ യു.ഡി.എഫിൽ ധാരണ. രണ്ടു സീറ്റുകൾ വച്ചുമാറാനും സാദ്ധ്യതയുള്ളതായി അറിയുന്നു. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, കണ്ണൂരിലെ കൂത്തുപറമ്പ്,​ തൃശൂരിലെ ചേലക്കര സീറ്റുകൾ ലീഗിന് നൽകിയേക്കും. ബാലുശ്ശേരി,​ കുന്നമംഗലം സീറ്റുകളും പുനലൂർ,​ ചടയമംഗലം സീറ്റുകളും പരസ്പരം വച്ചുമാറുമെന്നും റിപ്പോർട്ടുണ്ട്. അന്തിമ തീരുമാനം യു.ഡി.എഫ് സീറ്റുവിഭജന ചർച്ച പൂർത്തിയാക്കുന്നതിനൊപ്പം പ്രഖ്യാപിക്കും.

നിലവിൽ 24 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. മൂന്ന് സീറ്റുകൾ അധികം കിട്ടുന്നതോടെ ഇത് 27 ആകും. ആറു സീറ്റുകൾ അധികം ആവശ്യപ്പെടാനാണ് ലീഗ് തീരുമാനിച്ചിരുന്നതെങ്കിലും, തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് യു.ഡി.എഫിൽ ലീഗിന്റെ സർവാധിപത്യമാണെന്ന ആക്ഷേപങ്ങൾ വ്യാപകമായതോടെ കടുംപിടിത്തം വേണ്ടെന്ന നിലപാടിലേക്ക് ലീഗ് മാറുകയായിരുന്നു.

പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കര. കോൺഗ്രസ് മത്സരിച്ചുവരുന്ന ഇവിടെ വനിതാ ലീഗ് ദേശീയ സെക്രട്ടറിയും ദളിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന അദ്ധ്യക്ഷയുമായ ജയന്തി രാജനെ മത്സരിപ്പിക്കാനാണ് ലീഗ് ആലോചന. ഇത്തവണ സ്ത്രീകൾക്ക് മത്സരത്തിന് അവസരം നൽകണമെന്ന് ലീഗിനുള്ളിൽ ആവശ്യമുയർന്നിരുന്നു. വനിതാലീഗും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ സമസ്തയുടെ എതിർപ്പുണ്ടാകുമോ എന്ന ആശങ്ക ലീഗ് നേതൃത്വത്തെ അലട്ടി. ജയന്തി രാജനെ മത്സരിപ്പിക്കുന്നതോടെ രണ്ട് അഭിപ്രായക്കാരെയും പിണക്കാതെ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ലീഗ് കരുതുന്നു.