election

പാലക്കാട്: യു.ഡി.എഫിന്റെ കൈപ്പിടിയിലുള്ള പാലക്കാട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെ യുവത്വത്തെ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഇടതുമുന്നണിയും ബി.ജെ.പിയും.

കഴിഞ്ഞ നാലുപതിറ്റാണ്ടായി ബി.ജെ.പി കണ്ണുവെക്കുന്ന മണ്ഡലമാണ് പാലക്കാട്. 2016ലെ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനാണ് ഇവിടെ മത്സരിച്ചത്. അന്ന് 40,076വോട്ടുകൾ നേടി രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എ പ്ലസ് ലിസ്റ്റിലുള്ള പാലക്കാട് ഇത്തവണ എങ്ങനെയും പിടിക്കണമെന്ന വാശിയിലാണ് ബി.ജെ.പി നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിൽ 28 സീറ്റ് നേടി തുടർഭരണം നേടിയതും സമീപ പഞ്ചായത്തുകളിലെ വോട്ട് ശതമാനം വർദ്ധിച്ചതും അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

നഗരസഭയ്ക്ക് പുറമേ കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലമാണ് പാലക്കാട്. 2011ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ കെ.കെ.ദിവാകരനെ ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ഷാഫി പാലക്കാട് മണ്ഡലം യു.ഡി.എഫിന്റെ കൈകളിലേക്ക് എത്തിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പതിനേഴായിരമായി ഉയർത്തി. എം.എൽ.എ എന്ന നിലയിലെ അദ്ദേഹത്തിന്റെ മികച്ച ഇടപെടലുകൾ ലോക്സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് ഏറെ ഗുണം ചെയ്തു. യു.ഡി.എഫിനെ സംബന്ധിച്ച് പാലക്കാട് മണ്ഡലത്തിൽ മറ്റൊരു ചോയ്സ് ഇല്ല. ഇത്തവണ ഷാഫി പട്ടാമ്പിയിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം ഉയരുന്നുണ്ടെങ്കിലും നേതൃത്വം അതെല്ലാം തള്ളിക്കളഞ്ഞിട്ടുണ്ട്. ഷാഫിയല്ലാതെ മറ്റാര് മത്സരിച്ചാലും പാലക്കാട് കൈവിട്ടുപോകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. തദ്ദേശ തിരഞ്ഞടുപ്പിൽ നഗരസഭയിലടക്കം യു.ഡി.എഫ് കനത്ത പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിൽ പ്രത്യേകിച്ചും.

ഷാഫി പറമ്പിലിനെതിരെ ബി.ജെ.പി യുവ നേതാവ് സന്ദീപ് വാര്യരെ രംഗത്തിറക്കിയേക്കുമെന്നാണ് സൂചന. സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ നഗരസഭാ വൈസ് ചെയർമാനുമായ സി.കൃഷ്ണകുമാറിനെ പാലക്കാട് മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന് താത്പര്യം. പക്ഷേ, കൃഷ്ണകുമാർ നോട്ടമിടുന്നത് മലമ്പുഴയാണ്. അക്കാര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. പാലക്കാടിന് പുറമേ മലമ്പുഴയും ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലമാണ്. കഴിഞ്ഞ തവണ മത്സരിച്ച ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്നതിനാൽ അവർ പാലക്കാട്ടേക്ക് വരാനുള്ള സാദ്ധ്യതയും കുറവാണ്. ശോഭയെ തലസ്ഥാനത്തേക്കാണ് പരിഗണിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

2016ലെ തിരഞ്ഞെടുപ്പിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് ബി.ജെ.പിക്കും പുറകിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ പാലക്കാട് മത്സരിക്കാൻ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് ആരും താത്പര്യപ്പെടുന്നില്ല. സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്റേതാണ് പുറത്തുനിന്ന് കേൾക്കുന്ന പേരിൽ പ്രധാനം. അദ്ദേഹവും സുരക്ഷിത മണ്ഡലമായ മലമ്പുഴ, ഒറ്റപ്പാലം, ഷൊർണൂർ ഇതിലേതെങ്കിലും തിരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്.

അങ്ങനെയെങ്കിൽ ഡി.വൈ.എഫ്.ഐ നേതാവ് പ്രേംകുമാറിനെയോ മുൻ ജില്ലാ പഞ്ചായത്ത് അംഗം നിതിൻ കണിച്ചേരിയെയോ പാർട്ടി പരിഗണിച്ചേക്കും. ഒരുപക്ഷേ, എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാക്കളിൽ ആരെയെങ്കിലും ഇറക്കി പരീക്ഷണവും നടത്തിയേക്കും.