bike

റിവേഴ്സ് ഗിയറുള്ള ബൈക്ക് നിർമ്മിച്ച് 21കാരൻ

പാലക്കാട്: ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ റിവേഴ്സ് ഗിയറുണ്ടായിരുന്നെങ്കിലെന്ന് ചിന്തിക്കാത്തവർ വിരളമായിരിക്കും. മറ്റൊരാളുടെ സഹായമില്ലാതെ കയറ്റങ്ങളിലും മറ്റും വാഹനം പിന്നോട്ടെടുക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഈ 21കാരനും മോഹിച്ചു. ഹോണ്ട ഗോൾഡ്‌ വിംഗ്, ബി.എം.ഡബ്ല്യു K1200LT പോലെ കണ്ണഞ്ചിക്കുന്ന വിലയുള്ള ബൈക്കുകൾക്ക് റിവേഴ്‌സ് ഗിയറുണ്ടെന്നും മനസിലാക്കി.

ഭാരവും വലിപ്പവും വളരെ കൂടുതലാണവയ്ക്ക്. ലക്ഷങ്ങൾ വിലയുള്ള അങ്ങനെയൊരു ബൈക്കിനെക്കുറിച്ച് ആലോചിക്കാൻ പോലും കുത്തനൂർ സ്വദേശിയായ വിഷ്ണുവിന് കഴിയില്ല. പിന്നെന്തു വഴി?​

പഴയ കൈനറ്റിക് ബോസ് രൂപമാറ്റം വരുത്തി ഇലക്ട്രിക് സംവിധാനത്തിൽ റിവേഴ്സ് ഗിയർ ഘടിപ്പിച്ച് ദി ലെജന്റ് എന്ന പേരുമിട്ടു. വാഹനത്തിനുണ്ടായിരുന്ന നാല് ഗിയറുകളും അതേപടി നിലനിറുത്തി. ഹെഡ് മാറ്റി പകരം 48 വോൾട്ടിന്റെ ത്രീ ഫേസ് ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിച്ചത്. എയർ ഫിൽറ്ററിനകത്ത് കൺട്രോളറും വച്ചിട്ടുണ്ട്. 12 വോൾട്ട് 24 എ.എച്ചിന്റെ നാല് ലെഡ്ഡാസിഡ് ബാറ്ററികൾ പെട്രോൾ ടാങ്കിലും താഴെയുമായി ഘടിപ്പിച്ചു. ബാറ്ററി മുഴുവൻ ചാർജാവാൻ അഞ്ചുമണിക്കൂറെടുക്കും. ഇതിനായി ഒന്നര യൂണിറ്റ് വൈദ്യുതി ചെലവാകും. 35 മുതൽ 40 കിലോമീറ്റർവരെ സഞ്ചരിക്കാം. 30 കിലോ ഭാരമുള്ളതാണ് ബാറ്ററി.

റെഗുലേറ്ററുകൾ ഉപയോഗിച്ച് ഫാനിന്റെ വേഗത നിയന്ത്രിക്കുന്നതുപോലെ ഇലക്ട്രിക് മോട്ടറിന്റെ റെസിസ്റ്റൻസിൽ മാറ്റംവരുത്തി ബൈക്കിന്റെ വേഗം നിയന്ത്രിക്കാം. ഇതിനായി ഹൈ, മീഡിയം, ലോ എന്നിങ്ങനെ മൂന്ന് സ്പീഡുകളുള്ള സ്വിച്ചുണ്ട്. സാധാരണ പെട്രോൾ ബൈക്കുപോലെ ഗിയറും ഉപയോഗിക്കാം. ഫോർവേഡ്, റിവേഴ്സ് എന്നിങ്ങനെ രണ്ട് സ്വിച്ച് സജ്ജീകരിച്ചിട്ടുണ്ട്. റിവേഴ്സ് ഓണാക്കി ഫസ്റ്റ് ഗിയറിട്ട് ആക്സിലേറ്റർ കൊടുത്താൽ വാഹനം പിറകോട്ട് പോകും. ഇലക്ട്രിക് ബൈക്ക് നിർമ്മിക്കാൻ 36,​000 രൂപ ചെലവായി. ലെഡ്ഡാസിഡ് ബാറ്ററികൾക്ക് പകരം ലിഥിയം അയൺ ബാറ്ററി ഉപയോഗിച്ചാൽ കൂടുതൽ പെർഫോമൻസ് ലഭിക്കുമെന്നും വിഷ്ണു പറയുന്നു.

 ആദ്യം ഇലക്ട്രിക് സൈക്കിൾ

കുത്തനൂർ കോതമംഗലം പൂളയ്ക്കൽ വീട്ടിൽ വിശ്വനാഥന്റെയും ബേബിയുടെ മൂത്ത മകൻ വിഷ്ണു പ്ലസ് ടു പഠനത്തിനുശേഷം മലമ്പുഴ ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ കോഴ്സ് പൂർത്തിയാക്കി. കുത്തനൂർ കെ.എസ്.ഇ.ബിയിൽ കോൺട്രാക്ട് ജീവനക്കാരനായി ജോലിചെയ്യവേയാണ് ഇലക്ട്രിക് സൈക്കിൾ ഒരുക്കിയത്. സഹപ്രവർത്തകനായ പ്രമോദ് ഒരു സൈക്കിളും സാങ്കേതിക സംവിധാനങ്ങളും നൽകി. മറ്റൊരു സഹപ്രവർത്തകനായ പ്രദീപ് പഴയ ബൈക്ക് നൽകി, അടുത്തുള്ള പ്രവാസി മലയാളികൾ സാമ്പത്തിക സഹായംകൂടി ഉറപ്പാക്കിയതോടെ വിഷ്ണുവിന് ധൈര്യമായി. ഒരു മാസത്തിനുള്ളിൽ റിവേഴ് ഗിയർ ബൈക്ക് റോഡിലിറങ്ങി. രൂപമാറ്റംവരുത്തിയ ബൈക്ക് മെയിൻ റോഡിൽ ഉപയോഗിക്കാൻ നിയമസാധുത തേടുകയാണ് വിഷ്ണു.