agri
കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കാരക്കാട് പാടശേഖരം സന്ദർശിക്കുന്നു

ഒറ്റപ്പാലം: കർഷകരുടെ പ്രിയങ്കരിയായ 'ഉമ' നെൽവിത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടപടിയാരംഭിച്ചു. ഇതിന്റെ ഭാഗമായി ഷൊർണൂർ കൃഷിഭവന് കീഴിലെ 60 എക്കർ നെൽപ്പാടത്ത് വിളവിറക്കാനും തീരുമാനമായി. കാരക്കാട് പാടശേഖരത്തിലെ തിയ്യന്നൂർ, മനപ്പടി, കല്ലിതൊടി, കള്ളിക്കാട്ടിൽ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. സീഡ് അതോറിട്ടിക്ക് കൈമാറുന്ന നെൽവിത്തിന് കിലോയ്ക്ക് 36 രൂപ പ്രകാരം കർഷകന് ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

കാരക്കാട് പാടശേഖരത്തിന് പുറമെ ചുഡുവാലത്തൂരിലെ 40 എക്കറിലും അന്തിമഹാകാളൻചിറയിലെ 10 ഏക്കറിലും പദ്ധതി നടപ്പാക്കുന്നത് കൃഷിവകുപ്പിന്റെ ആലോചനയിലുണ്ട്. പദ്ധതിക്കായി തിരഞ്ഞെടുത്ത പ്രദേശങ്ങൾ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. സർക്കാർ വിലനിർണയ സമിതി അംഗങ്ങളായ രാജശേഖരൻ, പ്രസാദ്, ഷൊർണൂർ കൃഷി ഫീൽഡ് ഓഫീസർ അഹമ്മദ് സഗീർ, കൃഷിഭവൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർ അരുൺ, കാരക്കാട് പാടശേഖര സമിതി പ്രസിഡന്റ് വിജയപ്രകാശ്, ശങ്കർ, സെക്രട്ടറി ബിജു.സി, കെ.ശ്രീധരനുണ്ണി, കെ.ഉണ്ണികൃഷ്ണൻ എന്നിവരാണ് കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചത്.

ഷൊർണൂരിന് പിന്നാലെ ജില്ലയുടെ പലഭാഗത്തും ഉമ നെൽവിത്ത് ഉത്പാദനം വർദ്ധിപ്പിക്കാൻ സീഡ് അതോറിറ്റി കർഷകരുമായി ധാരണയായിട്ടുണ്ട്. കർഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ് ഉമ നെൽവിത്ത്. മൂപ്പ് കുറഞ്ഞതും, വിളവ് കൂടിയതുമാണ് ഉമ. ഇതാണ് ഉമയെ കർഷകർക്ക് പ്രിയങ്കരമാക്കിയത്. എന്നാൽ ആവശ്യത്തിന് വിത്ത് കിട്ടാതെ വന്നതാണ് സീഡ് അതോറിട്ടി പദ്ധതിയുമായി രംഗത്തിറങ്ങാൻ കാരണം.