padam
ചാഴിശല്യം രൂക്ഷമായ നല്ലേപ്പിള്ളി നരിചിറയിലെ പാടശേഖരം.

ചിറ്റൂർ: നല്ലേപ്പിള്ളി പ്രദേശത്തെ പാടശേഖരങ്ങളിലെ നെൽച്ചെടികളിൽ കതിര് വരുന്നതിന് മുമ്പേ ചാഴി ശല്യം വ്യാപകം. ഒപ്പം എലി ശല്യവും രൂക്ഷമായതോടെ കർഷകർ പ്രതിസന്ധിയിലായി. ചാഴിക്കേട് പ്രതിരോധിക്കാനുള്ള കീടനാശിനികൾ യഥാസമയം തളിക്കാൻ ആവശ്യത്തിന് പവർ സ്‌പ്രേയറുകൾ ലഭ്യമല്ലെന്നാണ് കർഷകർ പറയുന്നത്. എലിയെ പ്രതിരോധിക്കാനും മാർഗങ്ങളില്ലാതെ നെട്ടോട്ടമോടുകയാണ് കർഷകർ.

എലിയെ കെണിവെച്ച് പിടിക്കുന്നവർ ഉണ്ടെങ്കിലും ഇത്തരക്കാരെ കിട്ടണമെങ്കിൽ ആഴ്ചകൾ കാത്തിരിക്കണം. അപ്പോഴേക്കും കതിരിന് പാകമായ പാടങ്ങൾ എലികൾ വെട്ടിനിരത്തി കഴിഞ്ഞിരിക്കും. കടകളിൽ നിന്നും നിലവിൽ കിട്ടുന്ന എലിവിഷം തീരെഫലപ്രദമല്ലെന്നാണ് കർഷകർ പറയുന്നത്.

തദ്ദേശ സ്ഥാപനങ്ങളുടെയും കൃഷിവകുപ്പിന്റെയും പദ്ധതികളിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള നിർദ്ദേശം വേണം. പവർ സ്‌പ്രേയറുകളും ഫലപ്രദമായ എലിവിഷം, എലിക്കെണികൾ എന്നിവ ലഭ്യമാക്കാൻ തുക വകയിരുത്തണം.

-വി.രാജൻ, കർഷക സംഘം സെക്രട്ടറി.