
പാലക്കാട്: വിളവെടുപ്പിന് പാകമായപ്പോൾ നേന്ത്രക്കായക്ക് വിലയില്ല, കർഷകർ ദുരിതത്തിൽ. കഴിഞ്ഞ ഒന്നരമാസമായി നേന്ത്രക്കായയുടെ വിലയിടിവ് തുടരുകയാണ്. കഴിഞ്ഞ ഡിസംബറിൽ കിലോയ്ക്ക് 50 രൂപയുണ്ടായിരുന്നിടത്ത് ഇപ്പോൾ അഞ്ച് കിലോയ്ക്ക് 100 രൂപ എന്ന നിലയിലാണ് കച്ചവടം. വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തും വിളവിറക്കിയ കർഷകർ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. വിലതകർച്ച നേരിടാൻ സർക്കാർ നടത്തിയ ഇടപെടലുകൾ കർഷകർക്ക് ഗുണംചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്.
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട്, കോട്ടോപ്പാടം, അലനല്ലൂർ, ശ്രീകൃഷ്ണപുരം, ചളവറ, പനയൂർ, പട്ടാമ്പി, ചിറ്റൂർ മേഖലകളിലുമായി പതിനായിരക്കണക്കിന് കർഷകരാണ് വാഴക്കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്. മണ്ണാർക്കാട്, ചിറ്റൂർ ഉൾപ്പെടെയുള്ള മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളെയും പ്രതിരോധിച്ച് വിളയിച്ചെടുത്ത ഉത്പന്നങ്ങൾക്ക് പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാൽ ജീവിത ചെലവിന് എന്തുചെയ്യുമെന്നറിയാതെ ആശങ്കയിലാണ് ഭൂരിഭാഗം കർഷകരും.
ഇടനിലക്കാർ ഒരു കിലേയ്ക്ക് 10 രൂപ മുതൽ 15 രൂപ നൽകിയാണ് കർഷകരിൽ നിന്ന് ഉത്പന്നം എടുക്കുന്നത്. വാഴക്കുലയുടെ വലുപ്പമനുസരിച്ച് വിലയിലും മാറ്റം വരും. ഒരു വാഴയ്ക്ക് ചുരുങ്ങിയത് 200 രൂപയോളം ചെലവ് വരുമെന്ന് കർഷകർ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കുലവെട്ടി വിറ്റാൽ തൊഴിലാളികൾക്ക് നൽകാനുള്ള കാശുപോലും ലഭിക്കുന്നില്ലന്ന് കർഷകർ പറയുന്നു. ചെലവിന് ആനുപാതികമായ വില ലഭിച്ചില്ലെങ്കിൽ അടുത്ത സീസണിൽ കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്നും കർഷകർ വ്യക്തമാക്കുന്നു.
നേന്ത്രവാഴ കിലോയ്ക്ക് 30 രൂപയും വയനാടൻ നേന്ത്രന് 24 രൂപയും സർക്കാർ അടിസ്ഥാനവില നിശ്ചയിച്ചപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു ജില്ലയിലെ കർഷകർ. എന്നാൽ, പാട്ടക്കരാർ കോപ്പിയും നികുതി രസീതും സ്ഥലമുടമയിൽ നിന്ന് ലഭിക്കാത്ത കർഷകർക്ക് സർക്കാരിന്റെ ഒരു ആനുകൂല്യവും ലഭിക്കില്ല. ഇതോടെ ഭൂമി പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷിചെയ്ത കർഷകർ കടക്കെണിയിലാകുമെന്ന അവസ്ഥയിലാണ്. ഫെബ്രുവരി ആദ്യം തന്നെ ജില്ലിൽ ചൂട് കൂടിയതോടെ ജലക്ഷാമവും രൂക്ഷമാണ്. വെള്ളം നനയ്ക്കാതെ ചിലയിടങ്ങളിൽ വാഴകൾ ഒടിഞ്ഞുപോകുന്ന സ്ഥിതിയുമുണ്ട്.
 ഇളവുകൾ അനുവദിക്കണം
സർക്കാർ നിശ്ചയിച്ച താങ്ങുവിലയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ അടിയന്തരമായി ഇളവുകൾ അനുവദിക്കണം. ജില്ലയിലെ പലയിടങ്ങളിലും വെള്ളത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ചാണ് വാഴ കൃഷി ചെയ്യുന്നത്. അതിനാൽ, സമയപരിധി കൂടുതൽ നീട്ടണമെന്നുമാണ് കർഷകരുടെ ആവശ്യം.