accident
രതീഷ്‌

ചിറ്റൂർ: അപകടം വരുത്തിവച്ച്, അമിത വേഗത്തിൽ ഓടിച്ചുപോയ കാറിനെ, നാട്ടുകാരുടെ നിർദേഷ പ്രകാരം പിന്തുടർന്നതായിരുന്നു കൊഴിഞ്ഞാമ്പാറ പണിക്കർകളം അപ്പുക്കുട്ടന്റെ മകൻ രതീഷ് (പാപ്പു, 22). പക്ഷേ, അതേ കാറിടിച്ച് മരണത്തിന് കീഴടങ്ങാനായിരുന്നു രതീഷിന്റെ വിധി.

ഐ.ടി.ഐ കഴിഞ്ഞ് തുടർ പഠനത്തിന്റെ തയ്യാറെടുപ്പിലായിരുന്ന രതീഷിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. ഞായറാഴ്ച രാത്രി ഒമ്പതിന് സംസ്ഥാന പാതയിൽ നെയ്തലയിലാണ് അപകടം നടന്നത്.

കൊഴിഞ്ഞാമ്പാറ ബാറിൽ നിന്നിറങ്ങിയ ചെർപ്പുളശേരി സ്വദേശി ഓടിച്ച കാർ കാൽനട യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ട ശേഷം അമിത വേഗത്തിൽ ഓടിച്ചുപോയിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് രതീഷ് ബൈക്കിൽ കാറിനെ പിന്തുടരുന്നു. നെയ്തലയിൽ വച്ച് കാർ എതിരെ വന്ന കാറിലും പിക്കപ്പ് വാനിലും ഇടിച്ച ശേഷം രതീഷിന്റെ ബൈക്കിലും ഇടിക്കുകയായിരുന്നു. പിക്കപ്പ് വാൻ തലകീഴായ് മറിഞ്ഞെങ്കിലും ഡ്രൈവർ ചാടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്നവരുടെ പരിക്ക് ഗുരുതരമല്ല.

ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ അവസാനമായി രതീഷിനെ ഒരു നോക്കുകാണാൻ നിറകണ്ണുകളോടെ നൂറുകണക്കിനാളുകൾ കാത്തുനില്പുണ്ടായിരുന്നു. അമ്മ: പഞ്ചവർണ്ണ. സഹോദരങ്ങൾ: സതീഷ്, രാജേഷ്, സന്തോഷ്.