പാലക്കാട്: റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കർശന വാഹന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം. ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവരെയും ചുവപ്പ് സിഗ്നൽ ലംഘിക്കുന്നവരെയും പരിശോധിച്ച് പിഴയീടാക്കുന്നുണ്ട്.
ഇന്നലെ ഇരുചക്ര വാഹനങ്ങളിലും ഡ്രൈവറും പിൻസീറ്റ് യാത്രക്കാരും ഹെൽമെറ്റ് ധരിക്കാത്തതിന് 62 പേരെ പിടികൂടി പിഴ ഈടാക്കി. കാറുകളിൽ ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാത്തതിന് 11 കേസുകളും സഹയാത്രികൻ ബെൽറ്റ് ഇടാത്തതിന് 28 കേസുകളും രജിസ്റ്റർ ചെയ്തു.
ജനുവരി ഒന്നുമുതൽ 31 വരെ ആകെ 2402 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഹെൽമെറ്റ് ധരിക്കാത്തവർ-476, പിൻസീറ്റിൽ ഹെൽമെറ്റ് ഇല്ലാത്തവർ-406, മൊബൈൽ ഫോൺ ഉപയോഗം-48, സീറ്റ് ബെൽറ്റ് ധരിക്കാത്തവർ-75, ഹെഡ്‌ലൈറ്റിന്റെ അമിതപ്രകാശം-211, ലൈസൻസ് ഇല്ലാത്തവർ-298, ഇൻഷുറൻസ് ഇല്ലാത്തവർ-336, കൂളിംഗ് ഫിലിം-309, സിഗ്നൽ ലംഘനം-331 എന്നിങ്ങനെയാണ് കേസുകൾ. ഇത്രയും കേസുകളിലായി 59,43950 രൂപ പിഴ ചുമത്തി.
റോഡ് സുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായി നഗരത്തിൽ ഇന്നുരാവിലെ സൈക്കിൾ റാലി സംഘടിപ്പിക്കും. ജനുവരി 18 മുതൽ ഫെബ്രുവരി 17 വരെയാണ് റോഡ് സുരക്ഷാ മാസാചരണം.
നാല് സ്ക്വാഡുകൾ
ജില്ലയിൽ നാലു സ്‌ക്വാഡുകളായാണ് പരിശോധന നടത്തുന്നത്. പിഴയിട്ട് ഒരു മാസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ എറണാകുളം കേന്ദ്രമായുള്ള വെർച്വൽ കോടതിയിലേക്ക് കേസ് കൈമാറും. കൂടാതെ ആർ.ടി.ഒ സംബന്ധമായ സേവനങ്ങളൊന്നും ലഭിക്കുകയുമില്ല. നഗരങ്ങളിൽ യാത്രക്കാർ കൃത്യമായി ഹെൽമെറ്റ് ധരിക്കുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിൽ കുറവാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അതിനാൽ എല്ലായിടത്തും പരിശോധന നടത്തും. കഴിഞ്ഞ മാസം 29 വരെ ജില്ലയിൽ 203 അപകടങ്ങളും 26 മരണങ്ങളും സംഭവിച്ചു.
വരും ദിവസങ്ങളിൽ സ്‌കൂൾ പരിസരത്തെ അമിതവേഗം, വാഹനം ഓടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം, സീബ്ര ക്രോസിംഗ്, സ്റ്റോപ്പ് ലൈൻ ക്രോസിംഗ്, മീഡിയൻ ഓപ്പണിംഗിന്റെ വശങ്ങളിലെ പാർക്കിംഗ് തുടങ്ങിയവയെല്ലാം പരിശോധിക്കും.
വി.എ.സഹദേവൻ, എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ.