puzha

ഷൊർണൂർ: വീണ്ടും ഒരു വേനൽ അടുത്തെത്തി നിൽക്കുമ്പോൾ ഭാരതപ്പുഴയുടെ സംരക്ഷണം കടലാസിൽ മാത്രം ഒതുങ്ങുന്നു. പുഴയിലെ അനിയന്ത്രിത മണലെടുപ്പ് നാശത്തിലേക്കുള്ള ഒഴുക്കിന്റെ വേഗത കൂട്ടുകയാണ്. കൂടാതെ ഗ്രാമ, നഗര വ്യത്യാസമില്ലാതെ പുഴയോരം മാലിന്യ നിക്ഷേപ കേന്ദ്രമായതോടെ നിളയിൽ നിന്നുയരുന്നത് ദുർഗന്ധം മാത്രം. ആറ്റുവഞ്ചികളും മറ്റു പുൽക്കാടുകളും വളർന്ന് കാടുപിടിച്ചു കിടക്കുകയും പുഴ മെലിഞ്ഞുണങ്ങുകയും ചെയ്തു.

ഇതിനെല്ലാം പരിഹാരം കാണണമെന്ന മുറവിളിക്കും ഇതിനെ തുടർന്ന് ഉയർന്നുവന്ന പുഴ പുനരുജ്ജീവന പദ്ധതികൾക്കും വർഷങ്ങളുടെ പഴക്കമുണ്ട്. നിരവധി തവണ പുഴ സംരക്ഷണ ഉദ്ഘാടന മാമാങ്കങ്ങൾക്ക് മണൽപരപ്പുകൾ സാക്ഷ്യം വഹിച്ചു. എന്നാൽ ഇന്നും ഭാരതപ്പുഴ അഴുക്കുചാലായി തുടരുന്നു. വേനൽ എത്തുന്നതിന് മുമ്പേ പുഴ വരണ്ട് മരുഭൂമിയായി മാറുന്ന അവസ്ഥയാണ്. സർക്കാർ, ഹരിത മിഷൻ, ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ ചേർന്നാണ് പുഴയെ വീണ്ടെടുക്കാൻ പ്രവർത്തനം നടത്തി വരുന്നത്.

 പദ്ധതികൾ ഇങ്ങനെ

2017ൽ ഭാരതപ്പുഴ സംരക്ഷണ യജ്ഞത്തിന് തുടക്കമിട്ടിരുന്നു. അഞ്ചുകോടി രൂപയാണ് ബഡ്ജറ്റിൽ ഇതിനായി മാറ്റിവച്ചത്. ജില്ലാ പഞ്ചായത്ത് ഒരു കോടിയും മറ്റു തദ്ദേശ സ്ഥാപനങ്ങൾ ഓരോലക്ഷം വീതവും പദ്ധതിക്ക് മാറ്റിവച്ചു. ജല സംരക്ഷണത്തിനായി വിവിധ മേഖലകളിൽ പദ്ധതി നടപ്പാക്കി എന്നതിലപ്പുറം പുഴയുടെ വീണ്ടെടുപ്പിനായി ശ്രമം ഇതുവരെ ഉണ്ടായില്ല. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി തയ്യാറാക്കാൻ കേന്ദ്ര ജലകമ്മിഷന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത് പ്രത്യാശയ്ക്ക് വക നൽകുന്നു. കേന്ദ്ര ജലകമ്മിഷന്റെ ഡാറ്റാ സ്റ്റേഷനുകൾ ഇത് സംബന്ധിച്ച വിവരം ശേഖരിക്കുകയാണ്. ഫ്രന്റ്സ് ഓഫ് ഭാരതപ്പുഴ, നിള വിചാര വേദി തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങളും പുഴയുടെ പഴയ പ്രൗഢി വീണ്ടെടുക്കാനായി പ്രവർത്തിക്കുന്നുണ്ട്.