 
പാലക്കാട്: മെഡിക്കൽ കോളേജ് ഒ.പി, ജനറൽ മെഡിസിൻ ഐ.പി വിഭാഗങ്ങൾ നാളെ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലൻ അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.കെ.ശൈലജ, ജി.സുധാകരൻ വിശിഷ്ടാതിഥികളാകും.
വി.കെ.ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, നഗരസഭാദ്ധ്യക്ഷ കെ.പ്രിയ അജയൻ, കൗൺസിലർ എം.ധന്യ, പട്ടികജാതി-വർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാർ, ജില്ലാ കലക്ടർ മൃണ്മയി ജോഷി ശശാങ്ക്, സബ് കലക്ടർ അർജുൻ പാണ്ഡ്യൻ, ഡി.എം.ഒ ഡോ.കെ.പി.റീത്ത, ജില്ലാ പട്ടികജാതി വികസന ഓഫീസർ അരവിന്ദാക്ഷൻ ചെട്ടിയാർ, മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.എം.എസ്.പത്മനാഭൻ പങ്കെടുക്കും.
നിർമ്മാണം പുരോഗമിക്കുന്ന മൂന്ന് ബ്ലോക്കുകളിലെ സെൻട്രൽ ബ്ലോക്കിലാണ് ഒ.പി പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ സർജറി, ഇ.എൻ.ടി, ഒഫ്താൽമോളജി, ഡെർമറ്റോളജി, സൈക്യാട്രി, ഡെന്റൽ കെയർ, ജനറൽ മെഡിസിൻ ഒ.പിയാണ് ആരംഭിക്കുക. ജനറൽ ഐ.പി വിഭാഗം രോഗികളിൽ കിടത്തി ചികിത്സ ആവശ്യമുള്ളവർക്ക് സൗകര്യമൊരുക്കും. മറ്റുവിഭാഗങ്ങളിൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ ജില്ലാ ആശുപത്രിയിലേക്ക് നിർദേശിക്കും. മറ്റു രണ്ട് ബ്ലോക്കുകളുടെ നിർമ്മാണം രണ്ടുമാസത്തിനകം പൂർത്തിയായി ക്ലിനിക്കൽ ഒ.പി ആരംഭിക്കുന്നതോടെ കിടത്തി ചികിത്സ സാദ്ധ്യമാകും.
18 ഒ.പി കളാണ് മെഡിക്കൽ കോളേജിൽ ആരംഭിക്കുക. കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതിനുസരിച്ച് ഒ.പി.കളുടെ എണ്ണം വർദ്ധിപ്പിക്കും. ആറുനില വീതമുള്ള മൂന്ന് കെട്ടിടങ്ങളാണ് ഒരുങ്ങുന്നത്. 50 ഏക്കർ സ്ഥലത്ത് ആറ് ലക്ഷം സ്ക്വയർ ഫീറ്റിലാണ് മെഡിക്കൽ കോളേജ്.
കൊവിഡ് ഒ.പി കിൻഫ്രയിൽ
മെഡി.കോളേജ് ഒ.പി ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ഇവിടെ പ്രവർത്തിച്ചിരുന്ന കൊവിഡ് ഒ.പി, സ്വാബ് കളക്ഷൻ എന്നിവ കഞ്ചിക്കോട് കിൻഫ്രയിലേക്ക് മാറ്റി. നഗരസഭാ പ്രദേശത്തെ കൊവിഡ് രോഗികളുടെ തുടർ പരിശോധന നടത്തുന്നതിന് കൊപ്പം അർബൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സംവിധാനമേർപ്പെടുത്തി.