methamine

പാലക്കാട്:ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കാറിൽ കടത്തിക്കൊണ്ടു വന്ന 81ഗ്രാം മെത്താംഫിറ്റാമിൻ എന്ന മാരക മയക്കുമരുന്നുമായി മൂന്നു യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന് ചില്ലറ വിപണിയിൽ പത്തുലക്ഷം രൂപ വില വരും.

വഴിക്കടവ് നാരോക്കാവ് ഷവാഫ് (24), പെരിന്തൽമണ്ണ പുഴക്കാട്ടിരി മേടത്തൊടിയിൽ സച്ചിൻ (23), പറമ്പൊട്ടുപറമ്പിൽ റിഷാദ് (26) എന്നിവർ വാളയാറിലെ വാഹന പരിശോധനയിലാണ് കുടുങ്ങിയത്.

വൻതോതിൽ മയക്കുമരുന്ന് കടത്തി രഹസ്യ കേന്ദ്രത്തിലെത്തിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചില്ലറ വില്പന നടത്തുകയാണ് ഇവരുടെ രീതി. ഉത്തരേന്ത്യയിൽ നിന്നാണ് ഓർഡർ അനുസരിച്ച് ബംഗളൂരുവിലെ ഇടനിലക്കാർ വഴി സംഘത്തിന് മയക്കുമരുന്ന് ലഭിക്കുന്നത്.

ഷവാഫ് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും എക്‌സൈസ് ഓഫീസുകളിലും ക്രിമിനൽ കേസ് പ്രതിയാണ്. സംഘത്തിൽ കൂടുതൽ ആളുകളുള്ളതായും ഇടനിലക്കാരെ പറ്റി വ്യക്തമായ സൂചന ലഭിച്ചെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഷാജി എസ്.രാജൻ അറിയിച്ചു.

എക്‌സൈസ് എൻഫോഴ്സ്‌മെന്റ് അസി.കമ്മിഷണർ എ.രമേശ്,​ സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ്, ഇൻസ്പെക്ടർമാരായ എം.റിയാസ്,​ കെ.എസ്.പ്രശോഭ്,​ പി.അബിദാസൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

മെത്താംഫിറ്റമിൻ