bus

പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്ന് ഇനിയും കരകയറാനാവാതെ സ്വകാര്യ ബസ് മേഖല. യാത്രക്കാരുടെ കുറവിന് പുറമേ ഇന്ധനവിലയും വർദ്ധിച്ചതോടെ നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്കാണ് സ്വകാര്യ ബസുകളുടെ യാത്ര. കഴിഞ്ഞ മൂന്നുമാസത്തിനകെ 11 രൂപയാണ് ഡീസലിന് മാത്രം വർദ്ധിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇത് താങ്ങാനാവില്ലെന്ന് ബസുടമകൾ പറയുന്നത്.

കൊവിഡ് പ്രതിസന്ധികൾക്കിടയിലും ജില്ലയിലെ ഭൂരിഭാഗം ബസുകളും ഇപ്പോൾ നിരത്തിലിറങ്ങുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായതിനാൽ നഷ്ടങ്ങളുടെ കണക്കുമാത്രമാണ് ബാക്കി. കൊവിഡിന് മുമ്പ് 1200 ബസുകളാണ് ജില്ലയിൽ സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ 700 ബസുകളാണ് സർവീസ് നടത്തുന്നത്. ജീവനക്കാർക്ക് ചെറിയ വരുമാനമാർഗമെന്ന നിലയിലാണ് പല ബസുകളും സർവീസ് തുടരുന്നത്. ചില ദിവസങ്ങളിൽ ഡീസൽ അടിച്ചുകഴിഞ്ഞാൽ ജീവനക്കാർക്ക് കൂലിപോലും നൽകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.

ഞായറാഴ്ച സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ അവധിയായതിനാൽ വിരലിൽ എണ്ണാവുന്ന ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. അതും ഉച്ചവരെ മാത്രം. മറ്റു ദിവസങ്ങളിൽ വൈകീട്ട് ഏഴുവരെ മാത്രമാണ് സർവീസ് ഉള്ളത്. ഏഴിന് ശേഷമുള്ള രാത്രി സർവീസ് പൂർണമായും നിലച്ചു. കൊവിഡിന് മുമ്പ് കോഴിക്കോട്ടേക്ക് അടക്കം രാത്രി രണ്ട് മണിക്കൂർ ഇടവിട്ട് സർവീസുകൾ ഉണ്ടായിരുന്നിടത്താണ് ഈ അവസ്ഥ.

 സമയപരിധി നീട്ടിയത് ആശ്വാസം

കൊവിഡ് പ്രതിസന്ധി മൂലം സർക്കാർ നികുതി അടയ്ക്കാനുള്ള സമയം ജനുവരി 31 വരെയായിരുന്നത് നീട്ടിനൽകിയത് ചെറിയ ആശ്വാസം നൽകുന്നതാണ്. 2020 ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31വരെയുള്ള വാഹന നികുതിയാണ് ഈ മാസം 15 വരെ വീണ്ടും നീട്ടിയത്. നികുതി അടയ്ക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകൾ ഗതാഗത മന്ത്രിയെ കണ്ടതിനെ തുടർന്നാണ് പ്രശ്നത്തിന് പരിഹാരമായത്.

ടി.ഗോപിനാഥൻ, ജനറൽ സെക്രട്ടറി, ഒാൾ കേരള ബസ് ഒാപ്പറേറ്റേഴ്സ് ഒാർഗനൈസേഷൻ