police
പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോൾ

ചെർപ്പുളശ്ശേരി: നെല്ലായ പള്ളിപ്പടിയിൽ മകന്റെ അടിയേറ്റ് പിതാവ് മരിച്ച സംഭവത്തിൽ പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. ബൈക്കിന്റെ ക്രാഷ് ഗാർഡുപയോഗിച്ചാണ് തലയ്ക്ക് അടിച്ചതെന്ന് പ്രതി ചോദ്യംചെയ്യലിൽ പറഞ്ഞിരുന്നു. ഇന്നലെ രാവിലെ നടന്ന തെളിവെടുപ്പിൽ കൊലയ്ക്ക് ഉപയോഗിച്ച ആയുധം വീടിനു തൊട്ടടുത്ത സ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്തു. ഫോറൻസിക് സംഘവും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. കുടുംബ വഴക്കിനിടെ ഇരുമ്പാലശ്ശേരി പള്ളിപ്പടി കാരാംകോട്ടിൽ മുഹമ്മദ് (68) എന്ന വാപ്പുട്ടിയാണ് ഇളയ മകൻ അഫ്‌സലിന്റെ അടിയേറ്റ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിന്റെ അടുക്കളയിൽ വച്ചാണ് അടിപിടിയുണ്ടായത്. അടുക്കളയിലും വീടിന്റെ ഹാളിലും രക്തം ചിതറിത്തെറിച്ച നിലയിലായിരുന്നു. വീട്ടിൽ സ്വത്ത് സംബന്ധമായും മറ്റും മുഹമ്മദും അഫ്‌സലും തമ്മിൽ തർക്കം പതിവായിരുന്നെന്ന് സി.ഐ പി.എം.ഗോപകുമാർ പറഞ്ഞു.
എസ്.ഐമാരായ റോയ്, സി.ടി.ബാബുരാജ് എന്നിവരും തെളിവെടുപ്പിന് നേതൃത്വം നൽകി. മുഹമ്മദിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ഇന്നലെ വൈകീട്ടോടെ സംസ്‌കരിച്ചു.