fish
ചന്തപ്പുരയ്ക്ക് സമീപത്തെ ഫിഷറീസ് വകുപ്പിന്റെ മീൻ വിപണനകേന്ദ്രം സ്വകാര്യ വ്യക്തികൾ കൈയേറിയ നിലയിൽ

പാലക്കാട്: ജില്ലയിലെ ഉൾനാടൻ മേഖലകളിലും വിഷരഹിതവും ഗുണമേന്മയുമുള്ള മത്സ്യം ലഭ്യമാക്കാൻ സഹകരണ ബാങ്കുകളിൽ കൗണ്ടറുകൾ ആരംഭിക്കുന്നു. ഓരോ നിയമസഭാ മണ്ഡലങ്ങളിൽ ഓരോ കൗണ്ടറുകൾ വീതം ജില്ലയിലാകെ ആദ്യഘട്ടത്തിൽ 12 കടകൾ സ്ഥാപിക്കും. മത്സ്യഫെഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കണ്ണാടിയിൽ മത്സ്യമെത്തിച്ച് അവിടെനിന്ന് മറ്റ് വിപണന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന രീതിയിലാണ് ക്രമീകരണം.

ആലത്തൂർ, കണ്ണമ്പ്ര, കൊല്ലങ്കോട്, നല്ലേപ്പിള്ളി, പറളി, കണ്ണാടി, മലമ്പുഴ, ചെർപ്പുളശ്ശേരി, കൊപ്പം, നാഗലശ്ശേരി സർവീസ് സഹകരണ ബാങ്കുകൾ, മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക്, ഒറ്റപ്പാലം മാർക്കറ്റിംഗ് സഹകരണ സംഘം എന്നിവയുടെ നേതൃത്വത്തിലാണ് വിപണന കേന്ദ്രങ്ങൾ സജ്ജമാക്കുന്നത് എന്ന് പാലക്കാട് സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ (ജനറൽ) അനിത ടി.ബാലൻ പറഞ്ഞു. പ്രാദേശികമായി കൂടുതൽ ആളുകൾക്ക് തൊഴിലവസരം സൃഷ്ടിക്കാൻ പദ്ധതിക്ക് സാധിക്കുമെന്നും അടുത്തയാഴ്ചയോടെ 12 കേന്ദ്രങ്ങളും വിപണനത്തിന് സജ്ജമാകുമെന്നും അധികൃതർ പറയുന്നു.

 ഫിഷറീസ് വകുപ്പിന്റെ മത്സ്യവിപണ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന്

കൊല്ലങ്കോട്: പട്ടികജാതി - വർഗ, മത്സ്യസഹകരണ സംഘത്തിന്റെയും കീഴിൽ ചന്തപ്പുരയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന മത്സ്യ വിപണനകേന്ദ്രം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മീങ്കര, ചുള്ളിയാർ ഡാമുകൾ കേന്ദ്രീകരിച്ച് ഉൾനാടൻ മത്സ്യബന്ധനം നടത്തി ജീവിക്കുന്ന അമ്പതിലധികം ആളുകളുണ്ട് പ്രദേശത്ത്.

നിലവിൽ സഹകരണ സംഘങ്ങൾ വഴിയാണ് മീൻ വില്പന നടക്കുന്നത്. പല്ലശ്ശന, എലവഞ്ചേരി, വടവന്നൂർ, കൊല്ലങ്കോട് പഞ്ചായത്തിലുള്ളവർ ഈ സഹകരണ സംഘങ്ങളിലെത്താൻ കിലോമീറ്ററുകളോളം യാത്രചെയ്യണം. ഇതിന് പരിഹാരമായാണ് വർഷങ്ങൾക്ക് മുമ്പ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ചന്തപ്പുരയ്ക്ക് സമീപം മത്സ്യവിപണനകേന്ദ്രം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും മത്സ്യ ഉത്പാദനത്തിലുണ്ടായ വലിയ ഇടിവ് കാര്യങ്ങൾ താളംതെറ്റിച്ചു. നിലവിൽ ഈ കെട്ടിടം നാട്ടുകാരിൽ ചിലർ കൈയേറി താമസം തുടങ്ങിയിരിക്കുകയാണ്.

പഞ്ചായത്ത്, റവന്യൂ വകുപ്പ് അധികൃതർ ഇടപെട്ട് കൈയേറ്റം ഒഴിപ്പിച്ച് വിപണന കേന്ദ്രം പുനഃസ്ഥാപിക്കണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം.