ഉല്പാദനം കുത്തനെയിടിഞ്ഞു
വടക്കഞ്ചേരി: കാട്ടുമൃഗങ്ങളുടെ ശല്യം മറികടന്നും മണ്ണിൽ അത്യധ്വാനം ചെയ്തും കൃഷി ജീവിതമാക്കുന്ന പാലക്കുഴിയിലെ കുരുമുളക് കർഷകർക്ക് ഇത്തവണ കണ്ണീർ വിളവെടുപ്പ്. കാലാവസ്ഥ ചതിച്ചതോടെ ആറിലൊന്നായി വിളവെടുപ്പ് കുറഞ്ഞു.
മിക്ക കർഷകരും വായ്പയെടുത്താണ് കൃഷി ചെയ്യുന്നത്. ബാങ്കിൽ നിന്നെടുത്ത വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്നത് കർഷകരുടെ മുമ്പിൽ ചോദ്യചിഹ്നമാണ്. വിളവെടുപ്പ് നടക്കുന്നുണ്ടെങ്കിലും കുലിച്ചെലവിനുള്ളതുപോലും കിട്ടാത്ത സ്ഥിതിയാണ്. നാലുവർഷം മുമ്പ് കിലോയ്ക്ക് 750 രൂപയുണ്ടായിരുന്നതിപ്പോൾ 320ൽ എത്തി. റബ്ബറിനും നെല്ലിനുമുള്ള താങ്ങുവിലയോ മറ്റ് ആനുകൂല്യങ്ങളോ കുരുമുളകിനില്ല.
300 കുടുംബങ്ങളുടെ വരുമാനം
പാലക്കുഴിയിലെ കാലാവസ്ഥയ്ക്കും മണ്ണിനുമിണങ്ങുന്ന വിള കുരുമുളകായതിനാൽ മുന്നൂറോളം കുടുംബങ്ങളുടെ ഉപജീവന മാർഗം കുരുമുളക് കൃഷിയാണ്. ജൂണിൽ മഴ തുടങ്ങുമ്പോഴാണ് സാധാരണ കുരുമുളക് തിരിയിടാറുള്ളത്. പിന്നീട് തുടർച്ചയായി മഴലഭിച്ചാലേ നല്ല വിള ലഭിക്കൂ. തിരിയിട്ടെങ്കിലും പെട്ടെന്ന് മഴ നിന്നതോടെ എല്ലാം കൊഴിഞ്ഞു. ഇതാണ് ഉല്പാദനം കുറയാനിടയാക്കിയത്. പിന്നീട് മഴ പെയ്തപോൾ വീണ്ടും തളിരിട്ടെങ്കിലും തിരി കുറവായിരുന്നു.
ആനുകൂല്യമില്ല
കാലാവസ്ഥാമാറ്റത്തെ തുടർന്ന് ഉല്പാദനത്തിൽ കുറവുണ്ടായാൽ സഹായം ലഭിക്കുന്ന കേന്ദ്രസർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയിൽ കുരുമുളക് ഉൾപ്പെട്ടിട്ടില്ല. വിളയ്ക്ക് പൂർണനാശം സംഭവിച്ചാൽ മാത്രമേ സംസ്ഥാന സർക്കാരിൽ നിന്നും ആനുകൂല്യം ലഭിക്കൂ.
ചെലവ് ഇരട്ടിച്ചു, ഒപ്പം കടവും
ഉല്പാദനവും വിലയും കുറയുമ്പോഴും കൃഷി നടത്താനുളള ചെലവ് ഇരട്ടിയായി. ഓരോ വർഷവും കടം കൂടുന്നതല്ലാതെ കുറയുന്നില്ല. മുന്നിൽ മറ്റുവഴികളില്ലാത്തതിനാൽ കൃഷി തുടരുന്നു. ആദ്യമായാണ് ഉല്പാദനം ഇത്രയും കുറയുന്നത്. ഒരു കൊടിയിൽ നിന്ന് മൂന്നുമുതൽ നാലുകിലോ വരെ ഉണക്ക കുരുമുളക് കിട്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ അരക്കിലോയാണ് ലഭിച്ചത്.
-ചാർലി മാത്യു, കർഷകൻ.