lorry
വളയക്കാരൻ ചള്ളയിൽ കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട ലോറി

ചിറ്റൂർ: തമിഴ്നാട്ടിൽ നിന്ന് വരുന്ന കരിങ്കല്ല് കയറ്റിൽ ടോറസ് വാഹനങ്ങൾ നിത്യവും അപകടം ക്ഷണിച്ച് വരുത്തുന്നു. അമിത ഭാരം കയറ്റി വേഗത്തിൽ വരുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിന് പുറമെ മനുഷ്യ ജീവനും ഭീഷണിയാകുകയാണ്.

അടുത്തിടെ സൂരിപ്പാറയിൽ ഒരു യുവതി ദാരുണമായി മരിച്ചതും പരിശിക്കലിൽ കോളേജ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റതുൾപ്പെടെ നിരവധി അപകടങ്ങൾക്ക് ഇത്തരം ലോറികൾ കാരണമായി.

കഴിഞ്ഞ ദിവസം മേനോൻപാറ വളയക്കാരൻ ചള്ളയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു. തൂണും കമ്പികളും പൊട്ടി വീണെങ്കിലും വൈദ്യുതി നിലച്ചതിനാൽ ദുരന്തം വഴിമാറി. കോയമ്പത്തൂർ ജില്ലയിലെ വിവിധ ക്വാറികളിൽ നിന്നും വേലന്താവളം, നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം വഴി 350ൽ പരം കരിങ്കൽ ലോറികൾ ദിവസേന അതിർത്തി കടന്നെത്തുന്നുണ്ട്.

വേലന്താവളം പാലത്തിന്റെ സുരക്ഷ കണക്കിലെടുത്ത് അമിത ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിരോധനമുണ്ട്. പാലത്തിന്റെ ഇരുവശത്തും ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് വാഹനങ്ങളുടെ വരവ്. യാത്രക്കാരുടെ സുരക്ഷ കണക്കലെടുത്ത് ഇവയെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.

വാഹനങ്ങളിൽ പലതിനും മതിയായ രേഖകളില്ലെന്ന ആരോപണമുണ്ട്. ബന്ധപ്പെട്ട വകുപ്പു ജീവനക്കാരുമായി ക്വാറി ഉടമകൾ ഉണ്ടാക്കുന്ന ധാരണയിലാണ് അനധികൃത വാഹനങ്ങളുടെ നുഴഞ്ഞുകയറ്റം. അപകടം സംഭവിക്കുമ്പോൾ ഇരകൾക്ക് പണം നൽകി പ്രശ്നം ഒതുക്കുന്നതിനാൽ പൊലീസ് നടപടിയും ഇഴയുകയാണ്.