
അഗളി: അട്ടപ്പാടി പുതൂർ ആലമരമേട്ടിലെ ശ്മശാനം പൊതുശ്മശാനമാക്കാൻ സംസ്ഥാന എസ്.സി - എസ്.ടി കമ്മിഷൻ ഉത്തരവിട്ടു. അയിത്തം കൽപ്പിച്ച് യുവതിയുടെ മൃതദേഹം സംസ്കരിക്കുന്നത് വിലക്കിയ സംഭവത്തിൽ സ്വമേധയ കേസെടുത്ത കമ്മിഷൻ ഇന്നലെ പുതൂരിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണത്തിൽ ജാതീയ വിവേചനവും വിലക്കും നിലനിൽക്കുന്നുണ്ടെന്ന് ബോധ്യമായതിനെ തുടർന്ന് ബന്ധപ്പെട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സബ് കളക്ടർക്കും പൊലീസിനും കമ്മിഷൻ നിർദ്ദേശം നൽകി. സംഭവത്തിൽ ചട്ടവിരുദ്ധമായ പ്രവർത്തനം നടന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് താക്കീതും നൽകി. പഞ്ചായത്ത് രേഖകളിൽ ശ്മശാനം എന്ന് രേഖപ്പെടുത്തി പൊതുശ്മശാനം എന്നെഴുതിയ ബോർഡ് സ്ഥാപിക്കാനും കമ്മിഷൻ നിർദ്ദേശം നൽകി.
സംസ്ഥാന പട്ടികജാതി/വർഗ കമ്മിഷൻ ചെയർമാൻ ബി.എസ്.മാവോജി, അംഗങ്ങളായ എസ്.അജയകുമാർ, അഡ്വ. സൗമ്യ സോമൻ, തഹസിൽദാർ എ.എൻ.മുഹമ്മദ് റാഫി തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്.
ഒന്നാം ലോക്ക്ഡൗൺ കാലത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പട്ടിക ജാതിയിൽപ്പെട്ട ഉമ്മത്തുംപടി സ്വദേശി ശകുന്തളയുടെ മൃതദേഹം ആലമരമേട്ടിലെ ശ്മശാനത്തിൽ സംസ്‌കരിക്കുന്നതിന് പ്രദേശത്തെ മേൽജാതിക്കാരിൽ ചിലർ വിലക്കേർപ്പെടുത്തുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതി ഇടപെട്ടെങ്കിലും ശ്മശാന സമിതി നിലപാടിൽ ഉറച്ചുനിന്നതോടെ ശകുന്തളയുടെ മൃതദേഹം പുറമ്പോക്ക് ഭൂമിയിൽ സംസ്കരിക്കുകയായിരുന്നു.