e

ശക്തരായ സ്ഥാനാർത്ഥികളെ തേടി യു.ഡി.എഫും എൻ.ഡി.എ.യും

ഷൊർണൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം നിലനിറുത്താൻ ഇടതുമുന്നണി ഒരിക്കൽ കൂടി സി.പി.എം നേതാവ് പി.കെ.ശശിയെ തന്നെ നിയോഗിക്കുമ്പോൾ യു.ഡി.എഫും എൻ.ഡി.എയും മികച്ച മത്സരം കാഴ്ചവെക്കാൻ ശക്തരായ സ്ഥാനാർത്ഥികൾക്കായി ചർച്ച തുടരുന്നു. ചുവപ്പിന്റെ ഉരുക്ക് കോട്ട വെട്ടിപ്പിടിക്കാൻ പോന്ന ആയുധം തേടുകയാണ് ഇരുമുന്നണികളും.
2008ലെ പുനർ നിർണയത്തോടെയാണ് ഷൊർണൂർ മണ്ഡലം നിലവിൽ വന്നത്. 2011ലെ കന്നിയങ്കത്തിൽ എൽ.ഡി.എഫിലെ കെ.എസ്.സലീഖ 13493 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ എം.ബി.രാജേഷിന് 25,379 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. 2016ൽ പി.കെ.ശശിക്കെതിരെ കോൺഗ്രസ് സി.സംഗീതയെയാണ് കളത്തിലിറക്കിയത്. ഒരു ഘട്ടത്തിലും വെല്ലുവിളിയേൽക്കാതെ 24547 വോട്ടിനാണ് ശശി ജയിച്ചുകയറിയത്. 2019ൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വി.കെ.ശ്രീകണ്ഠൻ പാലക്കാട് പിടിച്ചെടുത്തപ്പോൾ സി.പി.എമ്മിലെ എം.ബി.രാജേഷിന് ഷൊർണൂരിൽ നിന്ന് 11,092 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.

ഷൊർണൂർ, ചെർപ്പുളശ്ശേരി നഗരസഭകളും വാണിയംകുളം, ചളവറ, അനങ്ങനടി, തൃക്കടീരി, വെള്ളിനേഴി, നെല്ലായ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. ഈ തദ്ദേശ സ്ഥാപനങ്ങളെല്ലാം ഭരിക്കുന്നത് എൽ.ഡി.എഫാണെന്ന വസ്തുത മണ്ഡലത്തിന്റെ പൊതുസ്വഭാവം വ്യക്തമാക്കുന്നു.

കോൺഗ്രസിൽ സി.സംഗീതയ്ക്ക് ഒരവസരം കൂടി നൽകണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. അതേസമയം മണ്ഡലം പിടിച്ചെടുക്കാൻ തദ്ദേശവാസിയായ യുവത്വം വേണമെന്ന് ഒരു വിഭാഗം ഉന്നയിക്കുന്നു. ഈ നിർദ്ദേശം പരിഗണിച്ചാൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബുവിന് നറുക്ക് വീഴും. പട്ടാമ്പിയിലും ഫിറോസിന്റെ പേര് സജീവ പരിഗണനയിലാണ്.

ബി.ജെ.പി സ്വാധീന മേഖലകളുടെ എണ്ണം വർദ്ധിപ്പിച്ചത് മത്സരത്തിന് വാശിയേറ്റും. ഷൊർണൂർ, വാണിയംകുളം ഉൾപ്പെടെ മേഖലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിൽ ബി.ഡി.ജെ.എസ് നേതാവ് പി.വി.ചന്ദ്രൻ 28836 വോട്ട് നേടി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണ ആര് സ്ഥാനാർത്ഥിയാകുമെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.