പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന സത്യഗ്രഹത്തിന് പിന്തുണയുമായി മൂന്നാർ സമര നേതാവ് ഗോമതി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. പാലക്കാട് നഗരസഭാധ്യക്ഷ പ്രിയ അജയൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി.ജെ പി നേതാവ് കുമ്മനം രാജശേഖരൻ അഭിവാദ്യം അർപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് സോജൻ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മന്ത്രിമാരോട് ഈ മാസം ഒമ്പതിന് നടക്കുന്ന അദാലത്തിൽ ആവശ്യപ്പെടും. തയ്യാറാകാത്ത പക്ഷം മുണ്ഡനം ചെയ്ത തലയുമായി താൻ ജനങ്ങളുടെ മുന്നിൽ പ്രചരണത്തിനിറങ്ങുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പ്രഖ്യാപിച്ചു.
സോജനെപ്പോലുള്ള ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ ഇരിക്കുന്നത് കേരളത്തിന് അപമാനമാണെന്ന് ഗോമതി പറഞ്ഞു.
വി.എം.മാർസർ സ്വാഗതം പറഞ്ഞു. വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സി.ആർ. നീലകണ്ഠൻ ആമുഖ പ്രഭാഷണം നടത്തി. സത്യഗ്രഹത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് നഗരസഭ വൈസ് ചെയർമാൻ കൃഷ്ണദാസ്, ഫോർവേഡ് ബ്ലോക് നേതാവ് രാജേന്ദ്രൻ നായർ, ചന്ദ്രൻ, സുലൈമാൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി മാർച്ച് ആറുവരെ നീട്ടി
പാലക്കാട്: വാളയാർ കേസിൽ പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി മാർച്ച് ആറുവരെ നീട്ടി. അട്ടപ്പള്ളം കല്ലങ്കാട് വി.മധു എന്ന വലിയ മധു, ഇടുക്കി ഉടുമ്പൻചോല രാജാക്കാട് വലിയമുല്ലക്കാനം നാലുതൈക്കൽ വീട്ടിൽ ഷിബു എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധിയാണ് ജില്ലാ പോക്സോ കോടതി ജഡ്ജി എസ്.മുരളീകൃഷ്ണ നീട്ടിയത്. മറ്റൊരു പ്രതി അട്ടപ്പള്ളം പാമ്പാപള്ളം പള്ളിക്കാട് വീട്ടിൽ കുട്ടിമധുവിന് ഹൈക്കോടതിയിൽ നിന്ന് ലഭിച്ച ജാമ്യം തുടരുകയാണ്. ഇത് റദ്ദാക്കാനായി അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് അന്വേഷണം സി.ബി.ഐക്കു വിട്ട് വിജ്ഞാപനം പുറത്തിറക്കിയതായി സർക്കാരും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.