bus

കൊല്ലങ്കോട്: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിറുത്തിവച്ച കെ.എസ്.ആർ.ടി.സിയുടെ പറമ്പിക്കുളം സർവീസ് ലോക്ക് ഡൗൺ ഇളവുകൾ വന്ന് മാസങ്ങളായിട്ടും പുനരാരംഭിക്കാത്തത് മേഖലയിൽ യാത്രാക്ലേശം രൂക്ഷമാക്കുന്നു. പാലക്കാട് ​- പറമ്പിക്കുളം റൂട്ടിലെ ഏക കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിക്കാൻ അനുമതി തേടി അധികൃതർ കോയമ്പത്തൂർ ജില്ലാ ഭരണകൂടത്തിന് അപേക്ഷ സമർപ്പിച്ചെങ്കിലും നാളിതുവരെയായി അനുകൂല നടപടിയുണ്ടായിട്ടില്ല. അന്തർസംസ്ഥാന യാത്രയ്ക്ക് അനുമതി ലഭിക്കാത്തതാണു പറമ്പിക്കുളം സർവീസിനെയും ബാധിച്ചിട്ടുള്ളത്. ഇതോടെ പറമ്പിക്കുളം നിവാസികൾക്ക് നഗരത്തിലേക്ക് എത്താൻ മറ്റു മാർഗങ്ങൾ തേടേണ്ട അവസ്ഥയാണ്.

മുതലമട പഞ്ചായത്തിന്റെ ഭാഗമായ പറമ്പിക്കുളത്തേക്ക് പാലക്കാട് നിന്നും മീനാക്ഷീപുരം, ആനമല, സേത്തുമട വഴിയോ പാലക്കാട്, കൊഴിഞ്ഞാമ്പാറ, പൊള്ളാച്ചി, ആനമല വഴിയോ യാത്രചെയ്യാം. നിലവിൽ തമിഴ്നാട് സർക്കാരിന്റെ നാമമാത്രമായ സർവീസുകൾ മാത്രമാണുള്ളത്. തമിഴ്‌നാട്ടിൽ നിന്നുവരുന്ന ബസ് ടോപ്പ് സിൽപ്പിൽ യാത്ര അവസാനിപ്പിക്കും. പിന്നീട് കിലോമീറ്ററുകൾ യാത്രചെയ്തു വേണം ഊരുകളിലെത്താൻ. വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ 300 രൂപയിലധികം ചെലവഴിച്ച് നഗരത്തിലേക്ക് എത്തേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ. തമിഴ്നാട് സർക്കാരിന്റെ ബസുകൾ അതിർത്തിയിലെത്തുന്ന സമയക്രമം അനുസരിച്ച് വനംവകുപ്പിന്റെ കീഴിൽ ബദൽ വാഹന സൗകര്യം ഏർപ്പെടുത്തണം. ലോക്ക് ഡൗണിന്റെ മുമ്പുവരെ സർവീസ് നടത്തിയിരുന്ന പാലക്കാട് - പറമ്പിക്കുളം കെ.എസ്.ആർ.ടി.സി ഉടൻ പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ ജില്ലാകളക്ടർ സ്വീകരിക്കണമെന്നുമാണ് പറമ്പിക്കുളം നിവാസികൾ ആവശ്യപ്പെടുന്നത്.


 ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവെച്ച സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ ജില്ലാ കളക്ടർക്കും പുതിയ കളക്ടർ മൃൺമയി ശശാങ്കിനും അപേക്ഷ നൽകിയിട്ടുണ്ട്. അന്തർ സംസ്ഥാന സർവീസ് ആയതിനാൽ പാലക്കാട് - കോയമ്പത്തൂർ ജില്ലാ കളക്ടർമാർ കൂടിയാലോചിച്ച ശേഷമേ ഇതിൽ ഒരു തീരുമാനത്തിലെത്താനാവൂ. അനുകൂല തീരുമാനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ്, അതിനായുള്ള തയ്യാറെടുപ്പികൾ പുരോഗമിക്കുകയാണ്.
ടി.എ.ഉബൈദ്, എ.ടി.ഒ

കെ.എസ്.ആർ.ടി.സി പാലക്കാട്‌