rajesh-mb

പാലക്കാട്: കാലടി സംസ്‌കൃത സർവകലാശാലയിൽ മലയാളം വിഭാഗം അസി. പ്രൊഫസറായി തന്റെ ഭാര്യ ആർ. നിനിതയുടെ നിയമനം അട്ടിമറിക്കാൻ മൂന്നു പേർ ചേർന്ന് ഉപജാപം നടത്തിയെന്ന് മുൻ എം.പി എം.ബി. രാജേഷ് ആപോപിച്ചു. ജോലിക്കു ചേർന്നാൽ നിയമനത്തിൽ ക്രമക്കേട് ആരോപിക്കുമെന്നും മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തുമെന്നും നിനിതയെ ഭീഷണിപ്പെടുത്തി. സമ്മർദത്തിന് വഴങ്ങാതായതോടെയാണ് വിഷയം വിവാദമാക്കിയത്. ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന പ്രമുഖനൊപ്പം ജോലി ചെയ്ത ഉദ്യോഗാർത്ഥിക്ക് വേണ്ടിയായിരുന്നു ഇതെല്ലാം. നീക്കം രാഷ്ട്രീയമല്ല, തികച്ചും വ്യക്തിതാത്പര്യമാണെന്നും രാജേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

നിനിതയുടെ നിയമനം അട്ടിമറിക്കാൻ മൂന്ന് തരത്തിൽ ശ്രമങ്ങൾ നടന്നു. അഭിമുഖത്തിൽ പങ്കെടുപ്പിക്കാതിരിക്കാൻ ആദ്യം ശ്രമിച്ചു. നിനിതയുടെ പിഎച്ച്.ഡി ജോലിക്ക് അപേക്ഷിക്കുന്ന സമയത്ത് ലഭിച്ചതാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും അഭിമുഖത്തിൽ അയോഗ്യയാക്കാൻ നീക്കവും തുടർന്നുണ്ടായി. ഇതൊന്നും ഫലിക്കാതെ വന്നപ്പോൾ ജനുവരി 31ന് രാത്രി മൂന്നുപേരും ഒപ്പിട്ട കത്ത് മറ്റൊരാൾ മുഖേന നിനിതയ്ക്ക് എത്തിക്കുകയും പിൻമാറാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഇന്റർവ്യൂ ബോർഡിലെ മൂന്നു പേർക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് നിനിത പരാതി നൽകിയിരുന്നു. ജോയിൻ ചെയ്ത ശേഷം അവർ പരസ്യപ്രതികരണം നടത്തുകയും കത്ത് പുറത്തുവിടുകയുമായിരുന്നു.

80 അപേക്ഷകരിൽ നിന്ന് യോഗ്യതകൾ നോക്കി അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പട്ടയാളാണ് നിനിത. ബോർഡംഗങ്ങളിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താമായിരുന്നെന്നും രാജേഷ് പറഞ്ഞു.