
പാലക്കാട്: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ 'ഇനി ഞാനൊഴുകട്ടെ' പദ്ധതിയുടെ മൂന്നാംഘട്ടം ഈ മാസം 12ന് ആരംഭിക്കും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മൂന്നാഘട്ടത്തിൽ 'വീണ്ടെടുക്കാം ജലശൃംഖലകൾ' കാമ്പെയിന് തുടക്കമാകുക. തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലുമുള്ള നീർച്ചാലുകളെ പുനരുജ്ജീവിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന അഡ്ഹോക് ആസൂത്രണസമിതിയോഗം തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒന്നാം ഓർഡർ, രണ്ടാം ഓർഡർ, മൂന്നാം ഓർഡർ എന്നിങ്ങനെയാണ് ജില്ലയിലെ നീർച്ചാലുകളുടെ ശൃംഖലകളെ ക്രമപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി ഏറ്റെടുക്കേണ്ട നീർച്ചാലുകളെ കണ്ടെത്തി നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. കേവലം ചെളികോരി വൃത്തിയാക്കുക എന്നതിനപ്പുറം ജലാശയങ്ങളുടെ സംരക്ഷണം ശാസ്ത്രീയമായി ഉറപ്പാക്കുകയാണ് ലക്ഷ്യം. ആവശ്യമായ ഇടങ്ങളിൽ വശങ്ങൾ കെട്ടി സംരക്ഷിക്കുക, നിശ്ചിത അകലങ്ങളിലായി നീർച്ചാലുകൾക്ക് ഇണങ്ങുന്ന തരത്തിൽ ഗള്ളി പ്ലഗിംഗ്, ഗ്യാബിയോൺ, ബ്രഷ് വുഡ് ചെക്ക് ഡാം എന്നിങ്ങനെയുള്ള തടയണകളും നിർമ്മിക്കും. ഇതുകൂടാതെ നീർച്ചാലുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മണ്ണ് - ജല സംരക്ഷണ പ്രവർത്തികൾ കൂടി മുൻഗണനാ ക്രമത്തിൽ ഏറ്റെടുക്കുമെന്ന് ഹരിതകേരളം മിഷൻ അധികൃതർ അറിയിച്ചു.
പാലക്കാട് ജില്ലയിൽ ഇനി ഞാനൊഴുകട്ടെയുടെ ഒന്നാംഘട്ടത്തിൽ 287.67 കി.മീ തോടുകളാണ് പുനരുജ്ജീവിപ്പിച്ചത്. രണ്ടാംഘട്ടം 2020 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി 95.651 കി.മീ നീർച്ചാലുകളും ശാസ്ത്രീയമായി വീണ്ടെടുത്തുവെന്ന് ഹരിതകേരളം മിഷൻ ജില്ലാകോർഡിനേറ്റർ അറിയിച്ചു.
നീർച്ചാലുകളുടെ സമഗ്ര പുനരുദ്ധാരണമാണ് ലക്ഷ്യമിടുന്നത്. കാട് വെട്ടൽ, ചെളികോരി മാറ്റൽ തുടങ്ങിയ ആവർത്തന സ്വഭാവമുള്ള പ്രവർത്തികൾ മാത്രമായി പദ്ധതി ഒതുങ്ങിപോകരുത്. കാമ്പെയിനിന്റെ ഭാഗമായി ഏറ്റെടുക്കുന്ന പ്രവർത്തികൾ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ലേബർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഈ വർഷത്തെയും ആവശ്യമെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തിയും ആക്ഷൻ പ്ലാനിന്റെ ഭാഗമാക്കി സമയബന്ധിതമായി പൂർത്തിയാക്കും
കെ.ബിനുമോൾ, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ