പാലക്കാട്: വാളയാർ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പെൺകുട്ടികളുടെ വീട് സന്ദർശിച്ചു. റെയിൽവേ എസ്.പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെയാണ് വാളയാർ അട്ടപ്പള്ളത്തെ വീട് സന്ദർശിച്ചത്. പുനർ വിചാരണയെന്ന ഹൈക്കോടതി വിധിക്ക് ശേഷമാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. അന്വേഷണം സി.ബി.ഐക്ക് വിടുന്നതിന് മുമ്പ് നടപടികൾ പൂർത്തിയാക്കാനായിരുന്ന പ്രത്യേക അന്വേഷണസംഘം സ്ഥലം സന്ദർശിച്ചതെന്നാണ് സൂചന.
കോഴിക്കോട് ഡി.സി.പി ഹേമലത, പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്.പി.രാജു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ ഒറ്റമുറി, പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി. സമരസമിതി നേതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നേരത്തെ കേസ് അന്വേഷിച്ച ഡിവൈ.എസ്.പി സോജൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ മാതാവ് നടത്തുന്ന സമരം സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് തുടരുകയാണ്.
ഐക്യദാർഢ്യവുമായി രമ്യഹരിദാസ് എം.പി
വാളയാർ പെൺകുട്ടികളുടെ നീതിക്കായി സമരസമിതിയുടെ നേതൃത്വത്തിൽ അമ്മമാർ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി രമ്യഹരിദാസ് എം.പി സമരപ്പന്തൽ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ വിട്ടുവീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ എന്ന പ്രഖ്യാപനം യാഥാർത്ഥ്യമാവണമെങ്കിൽ ഈ കേസ് അട്ടിമറിച്ച മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടണമെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയുടെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം രണ്ടാം നാൾ പിന്നിട്ടു. വിളയോടി വേണുഗോപാലൻ അദ്ധ്യക്ഷനായി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാലക്കാട് മുൻസിപ്പൽ കൗൺസിലർ എൻ.ശിവരാജൻ, ജനപക്ഷം സംസ്ഥാന സെക്രട്ടറി പ്രൊഫസർ. സെബാസ്റ്റ്യൻ ജോസഫ് ,യുവജന പക്ഷം സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷൈജോ ഹസൻ ഐ.എൽ.പി. സംസ്ഥാന പ്രസിഡന്റ് രമേശ് നന്മണ്ട, കെ.മായാണ്ടി, എ.വിൻസന്റ്, കെ.വാസുദേവൻ, ഗീതടീച്ചർ, ആറുമുഖൻ പത്തിച്ചിറ, അമ്പലക്കാട് വിജയൻ,പി എച്ച് കബീർ ,അനിത ഷിനു, നൗഫിയ നസീർ ,പി ഗോപാലൻ, മലമ്പുഴ കൃഷ്ണൻ ,അഫ്സൽ, സന്തോഷ് മലമ്പുഴ, മാരിയപ്പൻ നീലിപ്പാറ,മുത്തു ലക്ഷ്മി ചെമ്മണാമ്പതി എന്നിവർ സംസാരിച്ചു.