
കോങ്ങാട്: മണ്ണാർക്കാട്- കോങ്ങാട് റോഡിന്റെ നവീകരണ പ്രവർത്തനത്തിന് ടെൻഡർ നടപടി പൂർത്തിയായി. ഉടൻ നിർമ്മാണം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. മണ്ണാർക്കാട്, കോങ്ങാട്, ഒറ്റപ്പാലം മണ്ഡല പരിധിയിലൂടെ കടന്നുപോകുന്ന റോഡിന്റെ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധം വ്യാപകമായിരുന്നു.
അന്തരിച്ച കെ.വി.വിജയദാസ് എം.എൽ.എ അവസാനമായി സമർപ്പിച്ച പ്രൊപ്പോസലും പദ്ധതിയിൽ അംഗീകരിച്ചു. മുഴുവൻ സാങ്കേതിക തടസങ്ങളും പരിഹരിച്ചതോടെ ഉടൻ നിർമ്മാണം തുടങ്ങാനാകും. മലപ്പുറം ആസ്ഥാനമായ മലബാർ ടെക് എന്ന സ്ഥാപനമാണ് നിർമ്മാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബിയുമായി കമ്പനി എഗ്രിമെന്റ് ഒപ്പുവെച്ചു. 53.89 കോടി രൂപയ്ക്കാണ് ടെൻഡർ നടന്നത്.
ഏഴ് മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുക. 16,500 മീറ്റർ ഡ്രൈനേജും നിർമ്മിക്കും. റോഡിന്റെ വിവിധ ഭാഗങ്ങളിൽ 65 കൽവെർട്ടുകളും ഒരു കനാൽപ്പാലവും പുതിയതായി നിർമ്മിക്കും. റോഡ് മാർക്കിംഗ്, സൈൻ ബോർഡ് എന്നിവയും നിർമ്മാണം പൂർത്തിയാകുന്നതോടെ സ്ഥാപിക്കും. ഒരു വർഷവും ആറുമാസവും കൊണ്ട് പണി തീർക്കണമെന്നാണ് കരാറിൽ പറയുന്നത്.
റോഡ് നിർമ്മാണത്തിന് വേണ്ടി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനും മറ്റുമായി കെ.എസ്.ഇ.ബി.ക്ക് 3.31 കോടിയും കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന് വാട്ടർ അതോറിറ്റിക്ക് 2.848 കോടിയും അനുവദിച്ചിട്ടുണ്ട്.