a
നെല്ലിയാമ്പതി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊടിപിടിച്ച് കട്ടപ്പുറത്ത് കിടക്കുന്ന ആംബുലൻസ്

നെല്ലിയാമ്പതി: പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വാങ്ങിയ ആംബുലൻസ് കട്ട പുറത്തു തന്നെ. 2010ൽ 8.5 ലക്ഷത്തിനാണ് വാഹനം പഞ്ചായത്ത് സ്വന്തമാക്കിയത്.

ഓഫീസ് കെട്ടിടത്തിന്റെ ഷീറ്റിട്ട ഷെഡിന് താഴെ പൊടിപിടിച്ച് നാശമായി കിടക്കുന്ന വാഹനം റോഡിലിറക്കാൻ ജനങ്ങൾ സമിതിയുണ്ടാക്കി. ഡ്രൈവർ നിയമനം, അറ്റക്കുറ്റപണി തുക കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾ സമിതി ചർച്ച ചെയ്തു. 2015ൽ ആംബുലൻസ് നിരത്തിലിറങ്ങിയെങ്കിലും ആഴ്ചകൾ മാത്രമേ സർവീസ് നടത്തിയുള്ളൂ.

വർഷങ്ങളായി പൊടിപിടിച്ചു കിടക്കുന്ന ആംബുലൻസിന് മുകളിലെ ലൈറ്റുകളും വൈപ്പറുകളും പരസരത്തെ വാനരന്മാർ നശിപ്പിച്ചു. വാഹനാപകടങ്ങളും വന്യമൃഗ ശല്യവും കൂടിവരുന്ന മേഖലയിൽ ആംബുലൻസ് സൗകര്യം വേണമെന്നാവശ്യം ശക്തമാണ്.

അപകടത്തിൽപ്പെട്ടരെ 30 കി.മീ യാത്ര ചെയ്തുവേണം നെന്മാറ ആശുപത്രിയിലെത്തിക്കാൻ. മിനിമം വേതനത്തിന് പണിയെടുക്കുന്ന തൊഴിലാളികൾക്ക് ആംബുലൻസ് സൗകര്യം തുടർന്നാൽ ഒരനുഗ്രഹമാകും.

നടപടിയില്ല

ആംബുലൻസ് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

-വി.എസ്.പ്രസാദ്, കെ.ജെ.ഫ്രാൻസിസ്.