f

ചിറ്റൂർ: മൊത്തവ്യാപാരികളിൽ നിന്ന് മത്സ്യം വാങ്ങി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ചില്ലറ വ്യാപാരികൾ പ്രതിസന്ധിയിൽ.

മൊത്തവ്യാപാരികളിൽ നിന്ന് പെട്ടികളായിട്ടാണ് ചില്ലറ വില്പനക്കാർക്ക് മത്സ്യം ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പെട്ടികളിൽ വലിയ തോതിൽ തൂക്കത്തിൽ കുറവ് കാണുന്നതായാണ് പരാതി. പെട്ടെന്നുള്ള ഒരു തൊഴിലെന്ന നിലയിൽ മീൻ കച്ചവടം ചെയ്യുന്നവർ ദിവസങ്ങളൊ ആഴ്ചകളൊ കഴിയും മുമ്പേ തന്നെ കടം കയറി മുടിയുകയാണ്.

ഒരു ബോക്സിൽ (പെട്ടി) ഇത്ര കിലോയുണ്ടെന്ന് പറഞ്ഞാണ് മൊത്തമാർക്കറ്റിൽ വില്പന നടക്കുന്നത്. എന്നാൽ പല ബോക്സിലും രണ്ടുമുതൽ

അഞ്ചുകിലോ വരെ തൂക്കക്കുറവ് ഉണ്ടാവുന്നതായി ചില്ലറ വ്യാപാരികൾ പറയുന്നു. മാർക്കറ്റിൽ എല്ലാതരം മത്സ്യങ്ങൾക്കും നല്ല വിലയാണുള്ളത്. ഇത്തരത്തിൽ കുറവുവരുന്ന മത്സ്യത്തിന്റെ നഷ്ടം വലുതാണ്. ഇത് നിത്യേന അനുഭവിക്കേണ്ടി വരുകയാണ്

ചെറുകിട വ്യാപാരികൾ.

മാർക്കറ്റിലെത്തി മത്സ്യമെടുത്ത് ഗ്രാമങ്ങളിൽ ചുറ്റിയടിച്ച് വില്പന നടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങളിലേക്കുള്ള ഇന്ധനവിലയുടെ ഭാരവും ചില്ലറ കച്ചവടക്കാരൻ സഹിക്കണം. മാർക്കറ്റിലോ കടപ്പുറങ്ങളിലോ മത്സ്യം തൂക്കാനുള്ള സൗകര്യം നിലവിലില്ല. ഉള്ള സ്ഥലങ്ങളിൽ തന്നെ ഐസിലിട്ട മത്സ്യം പുറത്തെടുത്ത് തൂക്കുക എന്നത് അസാദ്ധ്യമാണ്. ഇതു കാരണം ദുരിതം അനുഭവിക്കേണ്ടി വരുന്നതു മുഴുവൻ ചില്ലറ കച്ചവടക്കാരാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇത്തരം പ്രശ്നമുണ്ട്.

ഫിഷറീസ് വകുപ്പോ ബന്ധപ്പെട്ട അധികാരികളോ ഇടപെട്ട് മാർക്കറ്റുകളിൽ കാര്യക്ഷമമായുള്ള സംവിധാനം ഒരുക്കി ചെറുകിട മത്സ്യ വ്യാപാരികളെ സംരക്ഷിക്കാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.