നാല് കളിക്കളങ്ങൾ ഇന്ന് തുറക്കും
പാലക്കാട്: ജില്ലയിലെ കായികമേഖലയ്ക്ക് ഊർജ്ജം പകരുന്ന നാല് സ്റ്റേഡിയങ്ങൾ ഇന്ന് തുറന്നുകൊടുക്കും. കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിച്ച തൃത്താല, പറളി, ചിറ്റൂർ സ്റ്റേഡിയങ്ങളും കായിക വകുപ്പിന്റെ ഫണ്ടിൽ നിർമ്മിച്ച കോട്ടായി സ്റ്റേഡിയവുമാണ് നാടിന് സമർപ്പിക്കുക. നാല് സ്റ്റേഡിയങ്ങളുടെയും ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ ഓൺലൈനിലൂടെ നടത്തും.
കിഫ്ബി അംഗീകാരത്തോടെ 8.87 കോടി ചെലവിലാണ് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോൾ മൈതാനവും മറ്റു സജ്ജീകരണങ്ങളും തൃത്താല ചാത്തന്നൂർ ഗവ.എച്ച്.എസ്.എസിൽ ഒരുക്കിയിരിക്കുന്നത്. 6 ലെയ്ൻ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ലോംഗ് ജംപ്, ട്രിപ്പിൾ ജംപ് കോർട്ടുകൾ എന്നിവയും രാത്രികാല മത്സരങ്ങൾക്കും പരിശീലനത്തിനും ഫ്ളഡ് ലൈറ്റ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ചുറ്റും ഇരുമ്പ് വേലിയും നിർമ്മിച്ചു.
പറളി സ്‌കൂളിന്റെ 1.75 ഏക്കർ സ്ഥലത്ത് ഏഴുകോടി ചെലവിലാണ് സ്പോട്സ് കോംപ്ലക്സ് നിർമ്മിച്ചത്. കായിക വകുപ്പ് എൻജിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ സജ്ജമാക്കിയ സ്റ്റേഡിയത്തിൽ സ്പ്രിംഗ്ലർ സംവിധാനത്തോടും സ്വാഭാവിക പുൽത്തകിടിയോടും കൂടിയ സെവൻസ് ഫുട്‌ബോൾ ടർഫ്, സ്വിമ്മിംഗ് പൂൾ എന്നിവയാണ് നിർമ്മിച്ചത്. രാത്രികാല മത്സരങ്ങൾക്ക് സഹായകമാകുന്നതിന് ഫ്ളഡ് ലൈറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 6 ലെയ്ൻ 200 മീറ്റർ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നു. കായിക രംഗത്ത് പാലക്കാടിന്റെ കരുത്തായ പറളി സ്‌കൂളിലെ പുതിയ സൗകര്യങ്ങൾ വലിയ കുതിപ്പിന് വഴിയൊരുക്കും. പ്രാദേശികാടിസ്ഥാനത്തിൽ ഏറ്റവുമധികം കുട്ടികളെ പരിശീലിപ്പിക്കുന്ന സ്‌കൂളാണ് പറളി. താരങ്ങൾക്ക് പരിശീലനത്തിന് മെഡിക്കൽ കോളേജ് ഗ്രൗണ്ട് മാത്രമായിരുന്നു ആശ്രയം. പുതിയ സ്പോർട്സ് കോംപ്ലക്സ് താരങ്ങൾക്ക് വലിയ ആശ്വാസവും സഹായവുമാകും.
ഫുട്‌ബോൾ ഗ്രൗണ്ട്, 200 മീറ്റർ 6 ലയിൻ സിന്തറ്റിക്ക് ട്രാക്ക്, സിന്തറ്റിക്ക് പ്രതലത്തിൽ സജ്ജമാക്കിയ ബാസ്‌ക്കറ്റ് ബോൾ, വോളിബോൾ, ബാറ്റ്മിന്റൺ കോർട്ടുകൾ മൂന്ന് നിലകളുള്ള ഗ്യാലറി ബിൽഡിംഗ് എന്നിവയാണ് കോട്ടായി സ്‌കൂളിൽ ഒരുക്കിയിരിക്കുന്നത്. പ്ലാൻ ഫണ്ടിൽ നിന്ന് ഏഴുകോടി രൂപ മുടക്കിയാണ് കായിക കോംപ്ലക്സ് തയ്യാറാക്കിയത്.
ചിറ്റൂർ കോളേജിൽ 5.54 കോടി ഉപയോഗിച്ച് നിർമ്മിക്കുന്ന സ്പോട്സ് കോംപ്ലക്സിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി സ്വിമ്മിങ്ങ് പൂളാണ് സജ്ജമായത്. ഫുട്‌ബോൾ മൈതാനവും അനുബന്ധ സൗകര്യങ്ങളും വൈകാതെ പൂർത്തിയാക്കും.
പുതിയ സ്റ്റേഡിയങ്ങൾ പാലക്കാടൻ കുതിപ്പിന് ഊർജം പകരും. ഇവയുൾപ്പടെ അഞ്ച് സ്റ്റേഡിയങ്ങളാണ് ജില്ലയിൽ സർക്കാർ നിർമ്മിച്ചത്. സെപ്തംബറിൽ കണ്ണമ്പ്രയിൽ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തിരുന്നു. 100 ദിന പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് നാല് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം.