chennithala

പാലക്കാട്: ശബരിമല വിഷയത്തിൽ യു.ഡി.എഫ് വിശ്വാസികൾക്കൊപ്പമാണെന്നും വിശ്വാസികളെ വഞ്ചിച്ച പിണറായി സർക്കാർ തെറ്റേറ്റ് പറയാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തൊഴിലവസരം സൃഷ്ടിക്കാതിരിക്കുകയും ഉള്ള തൊഴിലെല്ലാം പിൻവാതിലിലൂടെ പാർട്ടി അനുഭാവികൾക്കും ബന്ധുക്കൾക്കും നൽകുകയും ചെയ്യുന്ന എൽ.ഡി.എഫിന്റെ 'ബന്ധുജന സർക്കാരി"നെ തകർത്ത് തരിപ്പണമാക്കുന്നതാകും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം.

കാലടി അദ്ധ്യാപക നിയമനത്തിൽ ഗൂഢാലോചന നടത്തിയത് ആരെന്ന് എം.ബി.രാജേഷ് വ്യക്തമാക്കണം. വെളിപ്പെടുത്തൽ നടത്തിയ അദ്ധ്യാപകനെതിരെ സൈബർ ആക്രമണം നടത്തുകയാണ് ചെയ്യുന്നത്. ജോലി സാദ്ധ്യത കണ്ടാണ് ഇടത് യുവസംഘടനകൾ പ്രതികരിക്കാത്തത്.

അഞ്ചുവർഷത്തെ ഇടതുഭരണം സംസ്ഥാനത്തെ ഒന്നര പതിറ്റാണ്ട് പിന്നോട്ട് നയിച്ചു. സമസ്ത മേഖലകളും തകർന്നു. പിണറായി സർക്കാരിന് അഭിമാനകരമായ പദ്ധതികൾ ഒന്നുമില്ല,​ വീമ്പു പറച്ചിൽ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ തൃത്താല,​ പട്ടാമ്പി,​ ഷൊർണൂർ,​ ഒറ്റപ്പാലം,​ മണ്ണാർക്കാട് മണ്ഡലങ്ങളിലാണ് ജാഥ പര്യടനം നടത്തിയത്.