puli
ചിറ്റൂർ മേഖലയിലെ വീടുകളിൽ വാളൻപുളി വൃത്തിയാക്കുന്നവർ

 ചിറ്റൂർ ഉൾപ്പെടെയുള്ള അതിർത്തിഗ്രാമങ്ങളിൽ വാളൻപുളി സീസൺ ആരംഭിച്ചു

ചിറ്റൂർ: കിഴക്കൻ മേഖലയായ ചിറ്റൂരിലിപ്പോൾ വാളൻപുളിയുടെ സീസണാണ്. അതിർത്തി ഗ്രാമങ്ങളിൽ റോഡരികുകളിലെ പുളിമരങ്ങൾ ജൂൺ, ജൂലായ് മാസങ്ങളിൽ പൂവിടും. ജനവരി, ഫെബ്രവരിയോടെ കായ് പറിക്കൽ ആരംഭിക്കും. ഇത് മൂന്നുമാസത്തോളം നീണ്ടു നിൽക്കും.

വൻകിട - ഇടത്തരം കച്ചവടക്കാർ ഉൾപ്പെടെയുള്ളർ പുളിമരം പൂക്കുമ്പോൾ തന്നെ ഉടമയ്ക്ക് അഡ്വാൻസ് നല്കി കച്ചവടം ഉറപ്പിക്കുന്നതാണ് പതിവ് രീതി. പത്ത് ചാക്ക് പുളിക്ക് 3000 രൂപയാണ് നിലവിൽ ഉടമസ്ഥന് നൽകുന്നത്. മരം കയറാനും മരകൊമ്പിലിരുന്ന് പുളി പറിച്ചെടുക്കാനും തൊഴിലാളികൾക്ക് 700 രൂപയാണ് കൂലി. മരത്തിൽ നിന്നും പറിച്ചിടുന്ന പുളി പെറുക്കാൻ സ്ത്രീ തൊഴിലാളികളുമുണ്ടാകും. സ്ത്രീകൾക്ക് 350 രൂപയാണ് കൂലി. മരത്തിൽ നിന്ന് പറിച്ച പുളി നാലുദിവസത്തോളം വെയിലത്തിട്ട് ഉണക്കിയ ശേഷം തോട്, കുരു, നാര് എന്നിവ നീക്കം ചെയ്തു വൃത്തിയാക്കും.

ഒരു ചാക്കു പുളിയിൽ നിന്ന് 15 മുതൽ 20 കിലോവരെ ലഭിക്കും. ഒരു കിലോ കുരുകളഞ്ഞ പുളിക്ക് നിലവിൽ മാർക്കറ്റിൽ 125 രൂപ മുതൽ 135 രൂപ വരെ വിലയുണ്ട്. വീതി കൂടിയതും നീളം കൂടിയതുമായ പുളിക്കാണ് കൂടുതൽ വിലയും ഡിമാന്റും. പാലക്കാട്, പൊള്ളാച്ചി മാർക്കറ്റുകളാണ് പ്രധാന പുളിവിപണന കേന്ദ്രങ്ങൾ. പുളിയുടെ തോടും കുരുവും ആവശ്യമുള്ള വ്യാപാരികൾ സ്ഥലത്തെത്തി അതും ശേഖരിക്കും. പുളികൃഷി ചെയ്യുന്നവർ, വ്യാപാരികൾ, പുളിവലിക്കുന്നവർ എന്നിവർക്ക് തൊഴിൽ ചെയ്യാൻ കുറഞ്ഞ നിരക്കിൽ വായ്പ, ദീർഘകാല വൃക്ഷവിളകൾ കൃഷിചെയ്യാൻ പലിശരഹിത വായ്പ, മരം കയറുന്ന തൊഴിലാളികൾക്കു ഇൻഷ്വുറൻസ്, ക്ഷേമനിധി, ആധുനിക തൊഴിലുപകരണങ്ങൾ വാങ്ങാൻ സബ്സിഡി നിരക്കിൽ ധനസഹായം എന്നിവ നൽകണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.

 മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ഉൾപ്പെടെ ഇവിടെ നിന്ന് പുളി കയറ്റി അയക്കാറുണ്ട്. സീസണിൽ സംഭരിക്കുന്ന പുളി സീസൺ കഴിഞ്ഞും വിറ്റഴിക്കാൻ കഴിയുമെന്നതിനാൽ ഈ ബിസിനസ് ഏറെ ലാഭകരമാണ്.

വി.രാജൻ, കർഷൻ