ramesh-chennithala-

പാലക്കാട്: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനം തടയാൻ സമഗ്രമായ നിയമനിർമാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരളയാത്രയിൽ പാലക്കാട് ജില്ലയിലെ സ്വീകരണയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതും അനധികൃത നിയമനവും ക്രിമിനൽ കുറ്റമാക്കുന്നതായിരിക്കും ബില്ല്. നിയമത്തിന്റെ കരട് പുറത്തിറക്കി. കരട് ബില്ല് യു.ഡി.എഫിൽ ചർച്ച ചെയ്ത് അന്തിമമാക്കും.
ഇതുപ്രകാരം ഓരോ വകുപ്പു തലവന്മാരും നിയമന അധികാരികളും വകുപ്പിലെ ഒഴിവുകൾ ആറുമാസത്തിലൊരിക്കൽ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്യുന്ന തസ്തിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. പി.എസ്.സിയുടെ റാങ്ക് ലിസ്റ്റ് നിലനിൽക്കെ താത്കാലിക നിയമനങ്ങൾ നടത്തുന്നവർക്കെതിരെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത വകുപ്പ് തലവൻമാർക്കെതിരെയും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. ഈ കുറ്റങ്ങൾ കോഗ്‌നിസിബിളായിരിക്കും. ഇതിന്റെ ശിക്ഷ 3 മാസം മുതൽ 2 വർഷം വരെയാകും.

താത്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമാക്കും. ഈ സർക്കാരിന്റെ നാലര വർഷത്തെ ഭരണത്തിലെ പിൻവാതിൽ നിയമനങ്ങൾ കാരണം കുറഞ്ഞത് 3 ലക്ഷം ചെറുപ്പക്കാർക്കെങ്കിലും വ്യവസ്ഥാപിത മാർഗങ്ങളിലൂടെയുള്ള തൊഴിൽ നിഷേധിക്കപ്പെട്ടതായും ചെന്നിത്തല ചൂണ്ടിക്കാട്ടി.