 
പാലക്കാട്: താഴേത്തട്ടിലുള്ള ജനങ്ങളെ പരിഗണിച്ചുള്ള വികസനമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. പാലക്കാട്, ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലെ പരാതി പരിഹാര അദാലത്ത് 'സാന്ത്വന സ്പർശം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ പ്രകടന പത്രികയിലെ 97 ശതമാനം കാര്യങ്ങളും ചെയ്തുതീർത്തു. കർഷകക്ഷേമ ബോർഡ് ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉയർച്ചയുണ്ടാകുന്ന രീതിയിലുള്ള വികസനമാണ് നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി.
പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്കും പരാതികൾക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സാന്ത്വന സ്പർശം' ജില്ലാതല പരാതി പരിഹാര അദാലത്തിലേക്ക് 3020 പരാതികളാണ് ഓൺലൈനായി ലഭിച്ചത്. പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. റേഷൻകാർഡ് ലഭിക്കാനുള്ള ഓൺലൈൻ അപേക്ഷ ലഭിച്ചതിൽ അർഹതയുള്ളവരുടെ അപേക്ഷകളിൽ നടപടിയെടുക്കുകയും തിരഞ്ഞെടുക്കപ്പെട്ടവർക്ക് പേർക്ക് മന്ത്രി വി.എസ് സുനിൽകുമാർ റേഷൻകാർഡ് വിതരണം ചെയ്യുകയും ചെയ്തു.
 ഇതുവരെ പരിഗണിച്ചത് 109 പരാതികൾ
ഇന്നലെ ഉച്ചയ്ക്ക് രണ്ടുവരെ പരിഗണിച്ചത് 109 അപേക്ഷകളാണ്. ചികിത്സാ സഹായത്തിനുള്ള അപേക്ഷകളാണ് കൂടുതലായി ലഭിച്ചത്. ആലത്തൂർ, ചിറ്റൂർ, പാലക്കാട് തഹസീൽദാർമാരുടെ നേതൃത്വത്തിൽ ഓരോ താലൂക്കുകളിലെയും അപേക്ഷകൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. ജില്ലാ കളക്ടർ മൃൺമയി ജോഷി ശശാങ്ക്, എ.ഡി.എം എൻ.എം.മെഹറലി, സബ് കളക്ടർ അർജുൻ പാണ്ഡ്യൻ, അസിസ്റ്റന്റ് കളക്ടർ ധർമ്മല ശ്രീ, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ അദാലത്തിനു നേതൃത്വം നൽകി.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പരിപാടിയിൽ തെർമൽ സ്‌കാനിംഗ് നടത്തിയാണ് അപേക്ഷകരെ പ്രവേശിപ്പിച്ചത്. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ആളുകളെ നിയന്ത്രിക്കാൻ പൊലീസും സിവിൽ ഡിഫൻസ് വളണ്ടിയർമാരും മുൻനിരയിലുണ്ടായിരുന്നു. അദാലത്തിനോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഒരുക്കിയ ഫോട്ടോ പ്രദർശനവും നടന്നു.