
 അപകടം കൂടുതൽ പാലക്കാട് താലൂക്കിൽ
പാലക്കാട്: സംസ്ഥാനത്തെ റോഡുകൾ ചോരക്കളമാകുന്നു. ജില്ലയിൽ വിവിധ അപകടങ്ങളിലായി കഴിഞ്ഞമാസം മാത്രം പൊലിഞ്ഞത് 34 ജീവനുകൾ. 216 വാഹനാപകടങ്ങളിലായി 243 പേർക്ക് പരിക്കേറ്റു. ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടന്നത് പാലക്കാട് താലൂക്കിലാണ്. 55 എണ്ണം. ചിറ്റൂർ താലൂക്കിൽ 41, ആലത്തൂർ 36, ഒറ്റപ്പാലം 37, മണ്ണാർക്കാട് 24, പട്ടാമ്പി 23 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകൾ.
കൂടുതൽ മരണങ്ങൾ സംഭവിച്ചതും പാലക്കാട് താലൂക്കിലാണ്. ഒമ്പത് പേരാണ് ഇതുവരെ മരിച്ചത്. ആലത്തൂർ ഏഴ്, ചിറ്റൂർ എട്ട്, ഒറ്റപ്പാലം നാല്, പട്ടാമ്പി രണ്ട്, മണ്ണാർക്കാട് നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇൗ കാലയളവിൽ ദേശീയപാത 544ൽ 29 അപകടങ്ങളുണ്ടായെന്നാണ് ഒൗദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്. എൻ.എച്ച് 966ൽ 13, സംസ്ഥാനപാതയിൽ 47, സാധാരണ റോഡുകളിൽ 127 അപകടങ്ങളും നടന്നിട്ടുണ്ട്.
 55 ശതമാനം അപകടമരണങ്ങളും നടക്കുന്നത് രാത്രിയിൽ
രാവിലെ ഒമ്പതിനും ഉച്ചയ്ക്ക് 12നും ഇടയ്ക്കും ഉച്ചയ്ക്കുശേഷം മൂന്നുമുതൽ രാത്രി ഒമ്പതിനും ഇടയ്ക്കുമാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. 65 ശതമാനം അപകടങ്ങളും ഈ സമയത്താണ് നടക്കുന്നത്. 55 ശതമാനം മരണങ്ങൾ വൈകുന്നേരങ്ങളിലാണ് ഉണ്ടാകുന്നത്.
ഇരുചക്രവാഹന യാത്രക്കാരാണ് ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത്. 87 അപകടങ്ങളാണ് ഇത്തരത്തിൽ കഴിഞ്ഞ മാസം സംഭവിച്ചത്. ഇതിൽ 114 പേർക്ക് പരിക്കേറ്റു. കാർ അപകടം 48, ഓട്ടോറിക്ഷ 19, ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് 39, കാറും മോട്ടോർ സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് 27 അപകടങ്ങളും നടന്നു.
 ഗതാഗത നിയമം പാലിക്കാതെ യാത്രക്കാർ
അമിതവേഗത, ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, പിൻസീറ്റിൽ ഹെൽമെറ്റ് വയ്ക്കാത്തത്, സീറ്റ്‌ബെൽറ്റ് ധരിക്കാതിരിക്കൽ, റോഡിലെ വെളിച്ചകുറവ്, ലൈൻ മാർക്കിന്റെ കുറവ്, കാൽനടയാത്രക്കാർക്കുള്ള പെഡസ്ട്രിയൻ മാർക്കിന്റെ കുറവ് എന്നിവയാണ് അപകടത്തിന്റെ തോത് വർദ്ധിപ്പിക്കുന്നത്. റോഡ് സുരക്ഷാമാസാചരണത്തിന്റെ ഭാഗമായി ഈ മാസം 17 വരെ മദ്യപിച്ച് വാഹനമോടിക്കൽ, ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം, സീബ്രാ ലൈൻ ക്രോസിംഗ്, സ്‌റ്റോപ്പ് ലൈൻ ക്രോസിംഗ്, മീഡിയൻ ഓപ്പനിങ്ങിന്റെ വശങ്ങളിലെ പാർക്കിംഗ് എന്നിവ പരിശോധിക്കും.
 ശക്തമായ നടപടി സ്വീകരിക്കും
പത്തുമുതൽ 13വരെ അമിതവേഗത കണ്ടെത്തുന്നതിനായി സ്‌കൂൾ പരിസരങ്ങളിൽ പ്രത്യേക പരിശോധന നടത്തും. സിഗ്‌നലുകൾ ശ്രദ്ധിക്കാതെ പോകുന്ന വാഹനയാത്രക്കാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും.
വി.എ.സഹദേവൻ,
എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ, പാലക്കാട്