petrol

.ഗാർഹിക പാചകവാതകം- സിലിണ്ടറിന് 739 രൂപ
.പെട്രോൾ- ലിറ്ററിന് 89.18രൂപ
.ഡീസൽ- ലിറ്ററിന് 83.33 രൂപ

പാലക്കാട്: കൊവിഡ് പ്രതിസന്ധി വിട്ടൊഴിയുന്നതിന് മുമ്പേ ഇന്ധനത്തിനും പാചകവാതകത്തിനും വില കുതിച്ചുയരുന്നത് ജനങ്ങൾക്ക് ഇരുട്ടടിയാകുന്നു. ഒരാഴ്ചക്കിടെ മൂന്നുതവണയാണ് ഇന്ധന വിലവർദ്ധിച്ചത്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്നലെ കൂടിയത്. ഇതോടെ പെട്രോൾ ലിറ്ററിന് 89.18രൂപയും ഡീസലിന് 83.33 രൂപയുമാണ് വില.

കഴിഞ്ഞ അഞ്ചിനാണ് പാചകവാതകത്തിന് 25രൂപ കൂടിയത്. ഗാർഹികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന് നിലവിൽ 739 രൂപയാണ് വില. തുടർച്ചയായ ഇന്ധനവില വർദ്ധനവ് അവശ്യസാധനങ്ങൾക്കും വിലകൂടാൻ കാരണമാകുന്നുണ്ട്. ഇത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ ഇതിനോടകം തന്നെ താളംതെറ്റിച്ചുകഴിഞ്ഞു. കൊവിഡിന്റെ പശ്ചാതലത്തിൽ തൊഴിൽ നഷ്ടമായ കുടുംബങ്ങളും ഒരാളുടെ വരുമാനം കൊണ്ടുമാത്രം ജീവിക്കുന്ന കുടുംബങ്ങളും ഈ പ്രതിസന്ധി എങ്ങനെ നേരിടുമെന്ന് അറിയാതെ ആശങ്കയിലാണ്.

നാലു പേരുള്ള വീട്ടിൽ ഒരു സിലിണ്ടർ ഒരു മാസമേ എത്തുകയുള്ളൂ. പാചകം മുഴുവൻ ഗ്യാസിലാണ്. ഭർത്താവിന്റെയും മകന്റെയും വരുമാനം ഉണ്ടെങ്കിലും പ്രതിമാസം 739 രൂപ സിലിണ്ടറിന് മാത്രം മാറ്റിവയ്ക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി തന്നെയാണ്.

ശാന്ത, വീട്ടമ്മ, മാങ്കുറുശ്ശി.

 ഇന്ധന വിലയോടൊപ്പം പാചകവാതകത്തിനും വില കൂടിയത് കുടുംബ ബഡ്ജറ്റിന് താങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പാചകത്തിന് അടുപ്പ് കൂടി ഉപയോഗിക്കുന്നതിനാൽ രണ്ടുമാസം ഒരു സിലിണ്ടർ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്.

സൗമ്യ, വീട്ടമ്മ, കുനിശ്ശേരി.

കൊവിഡ് പ്രതിസന്ധി നിലിനിൽക്കുമ്പോൾ തന്നെ അടിക്കടിയുള്ള ഇന്ധനവില വർദ്ധനവ് സാമ്പത്തിക പ്രതിസന്ധി ഇരട്ടിയാക്കുന്നു. ഒരു ലിറ്റർ ‌‌‌ഡീസലിൽ നാല് കിലോമീറ്റർ യാത്രചെയ്യാം. വില ഉയരുന്നതിന് മുമ്പ് ചരക്കുലോറിയുമായി തൃശൂർ വരെ പോകാൻ 1800 രൂപയ്ക്ക് ഡീസൽ അടിക്കേണ്ടിടത്ത് ഇന്ന് 2500 രൂപ വേണം. 700 രൂപയുടെ വ്യത്യാസമുണ്ട്. ഇതിന് പുറമെ വീട്ടിലെ ആവശ്യങ്ങൾക്കായി ബൈക്കിൽ ദിവസേന 100 രൂപയുടെ പെട്രോളും അടിക്കേണ്ട അവസ്ഥയാണ്. ചരക്കിനനുസരിച്ച് ഒാരോ ദിവസത്തെയും ലോറിയിൽ നിന്ന് കിട്ടുന്ന വരുമാനവും വ്യത്യാസമായിരിക്കും.

കെ.രതീഷ്, ലോറിയുടമ, കുനിശ്ശേരി.