ഷൊർണൂർ: ആനയോടും ആനച്ചന്തത്തിനോടുമുള്ള അടങ്ങാത്ത അഭിനിവേശം ചെറുപ്പത്തിലേ മനസിലേറ്റിയ യുവാവാണ് കവളപ്പാറ വാഴത്തൊടി പടിഞ്ഞാറേതിൽ രാമചന്ദ്രൻ, രാധാമണി ദമ്പതികളുടെ മൂത്തമകനായ രാഗേഷ്. തുടർന്ന് ആ ഭ്രമം വളർന്ന് ആനയോളം വലുതായതിന്റെ തെളിവായി മാറിയിരിക്കുകയാണ് ഇന്ന് ഈ 23കാരന്റെ വീടിന് മുന്നിൽ കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഗജരൂപം.
നാലര അടി ഉയരത്തിലും രണ്ടര അടി വണ്ണത്തിലും തീർത്ത ആന പ്രതിമയ്ക്ക് 600 കിലോ ഭാരമുണ്ട്. വയറിംഗ് തൊഴിലാളിയായ രാഗേഷ് ഒഴിവ് സമയങ്ങളിലാണ് പ്രതിമ നിർമ്മാണത്തിന് സമയം കണ്ടെത്തിയത്.
വാർപ്പിന് ഉപയോഗിക്കുന്ന കമ്പികൾ ശേഖരിച്ച് ആനയുടെ രൂപം വെൽഡ് ചെയ്‌തൊരുക്കുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് കോൺക്രീറ്റ് ചെയ്ത് ഛായപ്പണികൾകൂടി തീർത്തു. വാഴത്തൊടി പടിഞ്ഞാറേതിൽ കർണ്ണൻ എന്നാണ് രാഗേഷ് ആനയ്ക്ക് നാമകരണം ചെയ്തിരിക്കുന്നത്. 30,000 രൂപയാണ് ആകെ ചെലവ്. മാതാപിതാക്കളും അനിയനും നൽകിയ പൂർണ്ണ പിന്തുണയാണ് ഗജരൂപം നിർമ്മിക്കാൻ ധൈര്യമായതെന്ന് രാഗേഷ് പറഞ്ഞു. നിലവിൽ നിരവധി പേരാണ് ഇതുകാണാൻ വീട്ടിലെത്തുന്നത്. മറ്റൊരു ഗജവീരനെ കൂടി സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ചെറുപ്പക്കാരൻ.