 
പാലക്കാട്: വാളയാർ കേസിലെ പ്രതികളെ ശിക്ഷിക്കുന്ന കാര്യത്തിൽ തുടക്കം മുതലേ സർക്കാരിന് കള്ളക്കളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസും പ്രൊസിക്യൂഷനും ബോധപൂർവം ഒത്തുകളിച്ചതുകൊണ്ടാണ് കോടതി ആദ്യം പ്രതികളെ കുറ്റവിമുക്തരാക്കിയത്. ശേഷം നടന്ന ജനകീയ പ്രക്ഷോഭത്തെ തുടന്നാണ് ഈ കേസ് സി.ബി.ഐക്ക് വിട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാളയാർ സമപരന്തലിലെത്തി പെൺകുട്ടികളുടെ അമ്മയെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെൺകുട്ടികളുടെ കൊലപാതാകത്തെക്കുറിച്ചുള്ള അന്വേഷണം വഴിതെറ്റിച്ച പൊലീസ് ഉദ്യേഗസ്ഥരുടെ പേരിൽ സർക്കാർ എന്തുകൊണ്ട് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അരിവാൾ പാർട്ടിക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാവുകയാണ്. വാളയാർ പൊലീസ് സ്റ്റേഷനിൽ 45 പോക്‌സോ കേസുകളുണ്ടായി അതിൽ പന്ത്രണ്ടെണ്ണം മാത്രമെ ചാർജ്ജ് ചെയ്തുള്ളുവെന്നാണ് താൻ അന്വേഷിച്ചപ്പോൾ മനസിലായത്. അതാകട്ടെ വെറുതെ വിടുകയും ചെയ്തിരിക്കുന്നു. അപ്പോൾ പ്രതികൾക്കായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യേഗസ്ഥരാണ് ഈ വാളയാർ സ്റ്റേഷനിലുള്ളതെന്ന് എന്നല്ലേ മനസിലാക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു.
ഈ കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യേഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്ന് പറയുമ്പോൾ എന്തിനാണ് സർക്കാർ മടിക്കുന്നത്. അപ്പോൾ പ്രതികൾ സി.പി.എമ്മുകാരായത് കൊണ്ട് അവരെ രക്ഷിക്കാനുള്ള ബോധൂപൂർവമായ നീക്കങ്ങളാണ് ഇവിടെ നടക്കുന്നത്. തന്റെ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നവശ്യപ്പെട്ട് അവരുടെ അമ്മ നടത്തുന്ന സത്യാഗ്രഹ സമരം കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ഈ സമര പന്തലിൽ സന്ദർശിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.