
പാലക്കാട്: പെട്രോളിയം ഉല്പന്നങ്ങൾക്ക് പുറമെ പച്ചക്കറി വിലയും കൂടിയതോടെ ജനങ്ങളുടെ കൈ പൊള്ളുന്നു. തുടർച്ചയായുള്ള ഇന്ധന വില വർധന അവശ്യസാധന വിലയും ഉയരാൻ കാരണമാക്കിയതോടെ സാധാരണ ജനങ്ങളുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റുകയാണ്. പ്രതിദിനം ഒരാളുടെ വരുമാനം കൊണ്ടുമാത്രം ജീവിക്കുന്ന കുടുംബങ്ങളിൽ നിലവിൽ സാമ്പാർ ഉണ്ടാക്കിയാൽ കീശ കാലിയാകുന്ന അവസ്ഥയാണ്.
കൊവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ട കുടുംബങ്ങളുടെ അവസ്ഥയാണ് കൂടുതൽ ദുരിതം. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് അഞ്ചുമുതൽ 20 രൂപ കൂൂടി പല പച്ചക്കറികൾക്കും. തമിഴ്നാട്ടിൽ കാലാവസ്ഥ വ്യതിയാനം മൂലം പച്ചക്കറി കൃഷി നശിച്ചതോടെ ഉല്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. വരും ദിവസങ്ങളിൽ വില കുറയാതിരുന്നാൽ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
ജില്ലയിൽ കിഴക്കൻ മേഖലയിൽ പച്ചക്കറി ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും വിളവെടുപ്പിന് സമയമായിട്ടില്ല. ഇതുമൂലം പച്ചക്കറി ക്ഷാമം നേരിടുകയാണ്. ഈ നില തുടർന്നാൽ ഇനിയും വില ഉയരാനാണ് സാധ്യത. തമിഴ്നാട്ടിൽ ഉല്പാദനം സാധാരണ നിലയിലെത്താൻ രണ്ടുമാസം എടുക്കുമെന്നാണ് സൂചന. കൊവിഡ് ഇളവിനെ തുടർന്ന് ചെറിയ രീതിയിലാണെങ്കിലും വിവാഹം ഉൾപ്പെടെ ചടങ്ങുകൾ നടക്കാൻ തുടങ്ങിയതോടെ പച്ചക്കറി ചെലവും കൂടിയിട്ടുണ്ട്.
-കെ.ആർ.എസ് പച്ചക്കറി, വലിയങ്ങാടി.
പച്ചക്കറി- ഇന്നലത്തെ വില- ഒരാഴ്ച മുമ്പ് (കിലോ)
മുരിങ്ങക്കായ- 140- 100
പയർ- 40- 20
മത്തൻ-10- 05
അമര- 50- 30
തക്കാളി- 75- 15
ബീൻസ്- 50- 15
ക്വാളിഫ്ളവർ- 30- 20
ചെറിയഉള്ളി- 110- 55
സവാള- 44- 42
പടവലം- 20- 10
ബീട്ട്റൂട്ട്- 48- 44
പച്ചമുളക്- 58- 54
ക്യാരറ്റ്- 38- 36
ഉരുളക്കിഴങ്ങ്- 34- 34
വെണ്ടയ്ക്ക- 74- 80
പാവയ്ക്ക- 64- 60
വഴുതന- 38- 40