മലമ്പുഴ ജല ശുദ്ധീകരണ ശാലയിൽ ആന്തർസൈറ്റ് ഇറക്കുന്നു.
80 ലക്ഷം രൂപ ചെലവിൽ മണലും ആന്തർ സൈറ്റും അടുക്കുകളായിട്ട ഡുവൽ മീഡിയ സ്ഥാപിക്കും
മലമ്പുഴ: ശുദ്ധജല വിതരണ വകുപ്പിന്റെ മലമ്പുഴ ഡിവിഷന് കീഴിൽ 80 ലക്ഷം രൂപ ചെലവിൽ ജല ശുദ്ധീകരണത്തിനായി വിദേശ ടെക്‌നോളജി സ്ഥാപിക്കുന്നു. 1960ൽ സ്ഥാപിച്ച പ്രത്യേക ഗ്രെയ്ഡിലുള്ള മണലാണ് ഫീൽട്ടർ മീഡിയയായി നിലവിൽ ഉപയോഗിക്കുന്നത്. അതുമാറ്റി മണലും വിദേശത്ത് നിന്നുള്ള ആന്തർസൈറ്റും അടുക്കുകളായിട്ട ഡുവൽ മീഡിയയാണ് സ്ഥാപിക്കുന്നത്. പുതുശ്ശേരിയിലെ 3.5 എം.എൽ.ഡി, 4.5 എം.എൽ.ഡി പ്ലാന്റുകളിൽ നിലവിൽ സ്ഥാപിച്ചു കഴിഞ്ഞു. മലമ്പുഴയിൽ 12.5 എം.എൽ.ഡി, 9.5 എം.എൽ.ഡി പ്ലാന്റുകളടക്കം നാലു പ്ലാന്റുകളിലാണ് പുതിയ ഡുവൽ ഫിൽറ്റർ മീഡിയ സ്ഥാപിക്കുന്നത്.
തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന മേൻടെക് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ടെക്നോളജിയാണിത്. 75 ലക്ഷം രൂപ ചെലവിൽ 60 ടൺ ആന്തർ സൈറ്റ് ഇംഗ്ലണ്ടിൽ നിന്നുമാണ് ഇറക്കുമതി ചെയ്തിരുക്കുന്നത്. ഈതോടെ 50% വാഷ് വാട്ടറും 3% ശുദ്ധജലവും ലാഭിക്കാം. 24ന് പകരം 48 മണിക്കൂർ കഴിയുമ്പോൾ വൃത്തിയാക്കിയാൽ മതി. ഇന്ത്യയിൽ ആദ്യമായി അടൂരിലെ പ്ലാന്റിലാണ് കമ്പനി ആദ്യമായി ഈ സംവിധാനം സ്ഥാപിച്ചത്.
-ആർ.വിജയകുമാർ, മേൻടെക് കമ്പനി ഉടമ.
90% കാർബൺ അടങ്ങിയതാണ് ആന്തർ സൈറ്റ് എന്നതിനാൽ വെള്ളം കൂടുതൽ ശുദ്ധീകരിക്കപ്പെടും. വീടുകളിലേക്ക് എത്തുന്ന പൈപ്പുകളിൽ ചിലപ്പോൾ ചെളി വരുന്നത് ശുദ്ധീകരണ ശാലയിലെ കുഴപ്പം കൊണ്ടല്ല. ലൈനിലൂടെ പോകുന്ന കുഴലുകളിൽ ദ്വാരമുണ്ടായി മണ്ണ് കയറുന്നതാണ് പ്രശ്നം. ഇത് അധികൃതരെ അറിയിച്ചാലുടൻ ശരിയാക്കും.