
പാലക്കാട്: മുന്നണി പോരാട്ടത്തിനപ്പുറം വ്യക്തികൾ തമ്മിലുള്ള മത്സരം എന്നതായിരുന്നു കേരള രാഷ്ട്രീയത്തിൽ ചിറ്റൂരിനെ എന്നും വേറിട്ടതാക്കിയിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉരുക്കുകോട്ടയിൽ വലിയ വിള്ളലുണ്ടാക്കിയായിരുന്നു എൽ.ഡി.എഫ് ഇവിടെ വിജയക്കൊടി പാറിച്ചത്. ജനതാദൾ എസ് നേതാവ് കെ.കൃഷ്ണൻകുട്ടി കോൺഗ്രസിലെ മുതിർന്ന നേതാവ് കെ.അച്യുതനെയാണ് പരാജയപ്പെടുത്തിയത്. വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ അങ്കം കുറിക്കാൻ ആരൊക്കെയുണ്ടാകുമെന്നാണ് ചിറ്റൂർ ചർച്ച ചെയ്യുന്നത്.
നിലനിറുത്താൻ ഇടതുക്യാമ്പ്
യു.ഡി.എഫിന്റെ കുത്തക മണ്ഡലമായാണ് ചിറ്റൂർ പരിഗണിക്കപ്പെടുന്നത്. യു.ഡി.എഫിൽ നിന്ന് കോൺഗ്രസും ഇടതുമുന്നണിയിൽ നിന്ന് ജനതാദളും മത്സരിക്കുന്നു. കഴിഞ്ഞ തവണ കെ.കൃഷ്ണൻകുട്ടി 7285 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്, ശേഷം മന്ത്രിയുമായി. ഇത്തവണയും കൃഷ്ണൻകുട്ടി തന്നെ ജനവിധി തേടും. മറ്റ് പേരുകളൊന്നും മണ്ഡലത്തിൽ ഉയർന്നിട്ടില്ല. വികസന പദ്ധതികളാണ് തിരഞ്ഞെടുപ്പിലേക്കുള്ള മൂലധനം. കുടിവെള്ള-ജലസേചന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായത് പ്രധാന നേട്ടമാണെന്ന് മന്ത്രി പറയുന്നു. ജെ.ഡി.എസ്-എൽ.ജെ.ഡി ലയന ചർച്ച നടക്കുന്ന വേളയിൽ മണ്ഡലത്തിൽ വിജയ പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. രൂപീകരിച്ച നാൾ മുതൽ ഏഴര പതിറ്റാണ്ട് കോൺഗ്രസ് കുത്തകയായിരുന്ന നഗരഭരണം പിടിച്ചെടുത്തതും ആത്മവിശ്വാസം ഉയർത്തുന്നു.
തിരിച്ചടിക്കാൻ യു.ഡി.എഫ്
കോൺഗ്രസിൽ ഔദ്യോഗിക സ്ഥാനാർത്ഥി ചർച്ച ആരംഭിച്ചിട്ടില്ല. മുതിർന്ന നേതാവ് കെ.അച്യുതൻ മത്സര രംഗത്തുണ്ടാകില്ല. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് സംസ്ഥാന അദ്ധ്യക്ഷൻ സുമേഷ് അച്യുതന്റെ പേരാണ് ആദ്യഘട്ടത്തിൽ ഉയരുന്നത്. മുൻ നഗരസഭാദ്ധ്യക്ഷൻ കെ.മധുവിനെയും പരിഗണിക്കാൻ സാദ്ധ്യതയുണ്ട്. ഒരു വിഭാഗം പ്രവർത്തകർ ജില്ലാ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്നത് പാർട്ടിക്ക് തലവേദനയാണ്. ഇതാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭ ഭരണം നഷ്ടമാകാൻ ഇടയാക്കിയത്. വരും ദിവസങ്ങളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജില്ലയ്ക്ക് പുറത്തുള്ള പൊതുസമ്മതനായ നേതാവിനെ ഇറക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചാലും അത്ഭുതമില്ല.
ഒറ്റനോട്ടത്തിൽ
ചിറ്റൂർ-തത്തമംഗലം നഗരസഭയും എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി, പെരുവെമ്പ്, പൊൽപ്പുള്ളി പഞ്ചായത്തുകളും ഉൾക്കൊള്ളുന്ന മണ്ഡലമാണ് ചിറ്റൂർ. നാലുതവണ കെ.അച്യുതൻ വിജയിച്ചു. നാലുതവണ കെ.കൃഷ്ണൻകുട്ടിയും. കോൺഗ്രസിനും ജനതാദളിനും ഏറെ സ്വാധീനമുള്ള മണ്ഡലമാണിത്.