
മണ്ണാർക്കാട്: റൂറൽ ബാങ്ക് മുന്നോട്ട് വച്ച 'കലർപ്പില്ലാത്ത കരുതലുമായി നന്മയുടെ നാട്ടുചന്ത" എന്ന പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം 12ന്. ആദ്യഘട്ടമായി മത്സ്യഫെഡ് ഫിഷ്മാർട്ടാണ് ആരംഭിക്കുന്നത്. ശുദ്ധമായ എല്ലാ കടൽ മത്സ്യങ്ങളും ഉപോല്പന്നങ്ങളും ഇവിടെ ലഭ്യമാകും.
റൂറൽ ബാങ്ക് ഹെഡ് ഓഫീസിന് സമീപം ഒരുക്കിയ ഫിഷ് മാർട്ടിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒമ്പതിന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഓൺലൈനായി നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനാകും. മാംസ വില്പന സ്റ്റാളുകളുടെ ഉദ്ഘാടനം പി.കെ.ശശി എം.എൽ.എ നിർവഹിക്കും. ജോയിന്റ് രജിസ്ട്രാർ അനിത ടി.ബാലൻ ആദ്യവിൽപ്പന നിർവഹിക്കും.
നാട്ടുചന്തയുടെ ഭാഗമായ കാർഷികോല്പന്ന സംഭരണ കേന്ദ്രം, വാഷ് ആന്റ് പാക്ക് ഹൗസ്, ശീതീകരിച്ച സംഭരണശാല, പഴം പച്ചക്കറി, മുട്ട, പാൽ എന്നിവയുടെ വില്പന ശാലകൾക്കുള്ള സ്റ്റാളുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.സുരേഷ്, സെക്രട്ടറി എം.പുരുഷോത്തമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.