
ചങ്കുറപ്പും കഠിനാദ്ധ്വാനവും മാത്രം കൈമുതലാക്കി ലോക കായിക ഭൂപടത്തിന്റെ നെറുകയിലേക്ക് അതിവേഗം നടന്നുകയറിയ ടീമാണ് പറളി ഹയർസെക്കൻഡറി സ്കൂൾ. 2004ലെ പറളിയുടെ വരവോടെയാണ് സംസ്ഥാന - ദേശീയ സ്കൂൾ കായികമേളകളിൽ പാലക്കാട് താരങ്ങളും കൈയടി നേടിത്തുടങ്ങിയത്. സംസ്ഥാന സ്കൂൾ കായിക മേളകളിൽ പതിമൂന്നും പതിന്നാലും സ്ഥാനത്ത് നിന്നിരുന്ന പാലക്കാടിനെ മുന്നിലെത്തിക്കാൻ പറളി ഓടിത്തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് തികയുന്നു. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കർഷക കുടുംബങ്ങളിലെ കുട്ടികളാണ് മിക്കവരും. പ്രതികൂല ജീവിത സാഹചര്യങ്ങളോട് പടപൊരുതി ട്രാക്കിൽനിന്നും ഫീൽഡിൽ നിന്നും സ്വർണം കൊയ്തെടുക്കുന്ന കായിക താരങ്ങളുടെ വലിയ സ്വപ്നമായിരുന്നു പരിശീലനത്തിന് ഒരു സിന്തറ്റിക് ട്രാക്ക്. ഇന്നിപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് സർക്കാർ.
ആധുനിക സൗകര്യങ്ങളോടെയുള്ള മിനി സ്പോർട്സ് കോംപ്ലക്സാണ് നേട്ടങ്ങളുടെ പുതുവേഗം തീർക്കാൻ പറളിക്കായി സംസ്ഥാന സർക്കാർ അനുവദിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു എയ്ഡഡ് സ്കൂളിന് ഇത്തരത്തിലൊരു ബൃഹദ് പദ്ധതി സർക്കാർ അനുവദിക്കുന്നത്. പ്രാദേശികാടിസ്ഥാനത്തിൽ ഏറ്റവുമധികം കുട്ടികളെ പരിശീലിപ്പിക്കുന്ന സ്‌കൂളാണ് പറളി. ഇതുവരെ താരങ്ങൾക്ക് പരിശീലനത്തിന് മെഡിക്കൽ കോളേജ് ഗ്രൗണ്ട് മാത്രമായിരുന്നു ആശ്രയം. പുതിയ സ്‌പോർട്‌സ് കോംപ്ലക്‌സ് താരങ്ങൾക്ക് വലിയ ആശ്വാസവും സഹായവുമാകും.
പറളിക്കിത് സ്വപ്നസാക്ഷാത്കാരം
ജില്ലയിലെ കായികമേഖലയ്ക്ക് ഊർജ്ജം പകർന്നുകൊണ്ടാണ് മിനി സ്പോർട്സ് കോംപ്ലക്സ് പറളിയിൽ തുടങ്ങിയത്. പറളി ഹയർസെക്കൻഡറി സ്‌കൂളിന്റെ 1.75 ഏക്കർ സ്ഥലത്ത് എഴുകോടി രൂപ ചെലവിലാണ് സ്‌പോട്‌സ് കോംപ്ലക്‌സ് നിർമ്മിച്ചിരിക്കുന്നത്. കായികവകുപ്പിന്റെ എൻജിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ സജ്ജമാക്കിയ സ്റ്റേഡിയത്തിൽ സ്പ്രിംഗ്ലർ സംവിധാനത്തോടും സ്വാഭാവിക പുൽത്തകിടിയോടും കൂടിയ സെവൻസ് ഫുട്‌ബാൾ ടർഫ്, സ്വിമ്മിങ്ങ് പൂൾ എന്നിവയാണ് നിർമ്മിച്ചത്. രാത്രികാല മത്സരങ്ങൾക്ക് സഹായകമാകുന്നതിന് ഫ്‌ളെഡ് ലൈറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആറ് ലൈനോടെയുള്ള 200 മീറ്റർ സിന്തറ്റിക് ട്രാക്കിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. രണ്ടാഴ്ചയോടെ ജോലികൾ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. മെക്സിക്കോയിൽ നിന്നെത്തിച്ച പുല്ലാണ് ഫുട്ബാൾ മൈതാനത്ത് വച്ചുപിടിപ്പിച്ചിട്ടുള്ളത്. മലേഷ്യയിൽ നിന്നാണ് മറ്റ് യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്തിരിക്കുന്നത്.
വിജയത്തിന് പിന്നിൽ മനോജ് മാഷ്
പറക്കുംതളിക പോലെ അത്ഭുതകരമാണ് പറളി സ്‌കൂളിന്റെ കായികക്കരുത്ത്. ആരേയും അറിയിക്കാതെ മൈതാനത്തേക്ക് കാലെടുത്തുവച്ചവർ ഇന്ന് ലോകമറിയുന്നവരാണ്, അതാണ് പറളിയുടെ വളർച്ച. ഓരോ കായികമേളകൾക്കും കൊടിഉയരുമ്പോഴും കായികപ്രേമികളുടെ കണ്ണ് പറളി സ്‌കൂളിനെ തേടിയെത്തും. ട്രാക്കിൽ പറളി കുറിയ്ക്കുന്ന വേഗവും ദൂരവും പുതിയ ചരിത്രമാണ് കായിക കേരളത്തിന് സമ്മാനിച്ചത്. പണക്കൊഴുപ്പിന്റെ പിൻബലമില്ലാതെ വീമ്പുപറച്ചിലുകൾക്ക് നിൽക്കാതെ പറളിയിലെ കുട്ടിത്താരങ്ങൾ വെട്ടിപ്പിടിച്ച വിജയങ്ങൾ എണ്ണിയാൽ തീരാത്തത്ര. ഈ നേട്ടങ്ങൾക്ക് പിന്നിലെ കാരണക്കാരൻ മറ്റാരുമല്ല പറളിയുടെ ദ്രോണാചാര്യൻ പി.ജി.മനോജ് മാഷ്. പാലക്കാട്ടെ കണ്ണാടി പാണ്ടിയോട് എന്ന ഗ്രാമത്തിൽ നിന്നു കായികമന്ത്രം പറഞ്ഞു കൊടുക്കാനായി പറളിയിലെത്തിയ അദ്ധ്യാപകൻ. മനോജ് രൂപം കൊടുത്ത പറളി അത്‌ലറ്റിക് ക്ലബ് പാലക്കാടിന്റെ കായിക സ്വപ്‌നങ്ങളെ കൈപിടിച്ചുയർത്തി, ഒപ്പം ഒരുപിടി താരങ്ങളെയും മുഹമ്മദ് അഫ്‌സൽ, പി.വി.ജിഷ, എം.വി.രമേശ്വരി, എം.ഡി.താര, വർഷ, കെ.ടി.നീന, പി.എൻ.അജിത്, ടി.പി.അമൽ, സന്ധ്യ തുടങ്ങിവർ അവരിൽചിലർ മാത്രം.
ഗ്രാമങ്ങളിലെ കൂലിപ്പണിക്കാരുടെ മക്കളായിരുന്നു പരിശീലനത്തിന് എത്തിയവരിൽ ഭൂരിഭാഗവും. വേണ്ടത്ര ഫണ്ടില്ലാതിരുന്നിട്ടും ചങ്കുറപ്പും പട്ടികകഷ്ണങ്ങൾ വച്ചുണ്ടാക്കിയ ഹഡിൽസുമായി അവർ ഓടിക്കയറുകയായിരുന്നു. പിന്നീട് പറളിക്കും പാലക്കാടിനും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഹോസ്റ്റൽ സൗകര്യമില്ലാതിരുന്നിട്ടും സ്പോർട്സ് കൗൺസിലിന്റെ ഡേ സ്കീമിൽ പരിശിലനം നടത്തിയാണ് ഇപ്പോഴും പറളി കുതിപ്പ് തുടരുന്നത്. നിലവിൽ 100- 120 കുട്ടികളുണ്ട്. പറളിയിലെ നിരവധി താരങ്ങൾ ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുകയാണ്. കൂടാതെ റെയിൽവേ, നേവി, എയർഫോഴ്സിലുമുണ്ട് നിരവധിയാളുകൾ.
വരവറിയിച്ചത് 2002ൽ
1995 ലാണ് പി.ജി.മനോജ് എന്ന കായികാദ്ധ്യാപകൻ പറളി എച്ച്.എസിന്റെ മണ്ണിലേക്കെത്തിയത്. ഇതോടെയാണ് പാലക്കാടിന്റെ തലവര തന്നെ മാറിയത്. ആദ്യശ്രമത്തിൽ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ലെങ്കിലും രണ്ടാംശ്രമം വഴിത്തിരിവായി. തെക്കൻ ജില്ലകളും മലയോര ജില്ലകളും കൊയ്‌ത്തു നടത്തുന്ന കായികമേളയിൽ പാലക്കാടിന്റെ വരണ്ടമണ്ണിലെ ചെറുകാറ്റ് മെഡൽ തൊടുന്നത് 2002ലാണ്. കണ്ണൂർ മീറ്റിലായിരുന്നു ആദ്യ മെഡൽ. ത്രോ ഇനങ്ങളിലെ മാർബേസിലിന്റെയും സെന്റ് ജോർജിന്റെയും കുത്തക അവസാനിപ്പിച്ച് പറളിയിലെ കുട്ടിത്താരം പ്രമോദ് ഹാമ്മർ ത്രോയിൽ വെള്ളിമെഡൽ നേടുകയായിരുന്നു. തുടർന്നങ്ങോട്ട് സംസ്ഥാന കായികമേളയിലെ നിറസാന്നിദ്ധ്യമായി പറളി. പറളിക്കൊപ്പം പാലക്കാടും വളർന്നു. എം.ഡി താര, രമേശ്വരി, പി.മുഹമ്മദ് അഫ്‌സൽ, വി.വി ജിഷ, കെ.ടി.നീന തുടങ്ങി താരങ്ങൾ അന്തർദേശീയ തലത്തിലേക്ക് ഉദിച്ചുയർന്നു.
ആദ്യസ്വർണം രമേശ്വരിയിലൂടെ
സംസ്ഥാന സ്‌കൂൾ കായികമേളയുടെ ചരിത്രം പരിശോധിക്കുമ്പോൾ പറളി സ്‌കൂളിന്റെ സ്വർണ മെഡൽ വേട്ടയാരംഭിക്കുന്നത് 2004 ലാണ്. എറണാകുളത്തു നടന്ന മീറ്റിൽ 5000 മീറ്റർ ഓട്ടത്തിൽ നിലവിലെ റെക്കാഡ് ഉടമയെ കാഴ്ചക്കാരിയാക്കിയ പ്രകടനത്തിലൂടെ രമേശ്വരിയാണ് പറളിക്കായി ആദ്യസ്വർണം ഓടിയെടുത്തത്. ആ മീറ്റ് സമാപിക്കുമ്പോൾ അഞ്ച് സ്വർണവുമായി പറളി മികച്ച സ്കൂളുകളിൽ ഏഴാംസ്ഥാനത്തും റവന്യൂ ജില്ലകളിൽ പാലക്കാട് അഞ്ചാമതും എത്തി. പിന്നീട് പാലക്കാടിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2015ൽ കോഴിക്കോട് നടന്ന കായികമേളയിൽ മാർബേസിലിന് പിന്നിൽ രണ്ടാംസ്ഥാനത്തേക്ക് എത്തിയതാണ് മെഡൽ നേട്ടങ്ങളിൽ ഏറ്റവും വലുത്. ദേശീയസ്കൂൾ മീറ്റുകളിൽ നാലാംതവണ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുതവണ രണ്ടാംസ്ഥാനത്തുമെത്തി.
2012ൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യ 12 സ്വർണം നേടി റണ്ണറപ്പായപ്പോൾ അതിൽ നാലുസ്വർണം കൊയ്തത് പറളിയുടെ കുട്ടികളാണ്!. ആ മീറ്റിൽ ഏറ്റവും മികച്ച സ്കൂളായും പറളി തിരഞ്ഞെടുക്കപ്പെട്ടു.