 
ഷൊർണൂർ: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച ഡയാലിസിസ് യൂണിറ്റ് നോക്കുകുത്തിയായിട്ട് രണ്ടുവർഷം പിന്നിടുന്നു. 50 ലക്ഷം ചെലവഴിച്ച് തയ്യാറാക്കിയ യൂണിറ്റ് 2019 ജനുവരി 29ന് അന്നത്തെ എം.പി എം.ബി.രാജേഷാണ് ഉദ്ഘാടനം ചെയ്തത്. ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ സംഭാവനയായാണ് ഇത് യാഥാർത്ഥ്യമാക്കിയത്. നാല് ഡയാലിസിസ് മെഷീനുകളും ജനറേറ്ററും അനുബന്ധ ക്രമീകരണങ്ങളും സജ്ജമാക്കിയെങ്കിലും ഇതുവരെ ഒരു ഡയാലിസിസും നടത്തിയില്ല. ലക്ഷങ്ങളുടെ യന്ത്ര സാമഗ്രികളാണ് ഇതുമൂലം നശിക്കുന്നത്.
സാങ്കേതികത്വത്തിന്റെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ് നിരവധി രോഗികൾക്ക് ആശ്രയമാകേണ്ട ഈ കേന്ദ്രം. നിലവിൽ സർക്കാർ തലത്തിൽ താലൂക്ക് ആശുപത്രികൾ മുതലാണ് ഡയാലിസിസിന് സൗകര്യം ഒരുക്കുന്നത്. കൂടുതൽ ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനം ആവശ്യമായതിനാലാണ് ഈ മാനദണ്ഡം. എന്നാൽ ഷൊർണൂരിലും സമീപ പ്രദേശങ്ങളിലും ഡയാലിസിസിന് വിധേയരാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്താണ് യൂണിറ്റ് സ്ഥാപിച്ചത്.
നഗരസഭയ്ക്ക് പുറമെ ഓങ്ങല്ലൂർ, വാണിയംകുളം, ചളവറ, തൃശൂർ ജില്ലയിലെ വള്ളത്തോൾ നഗർ പഞ്ചായത്തുകളിലെ രോഗികൾക്കും ഉപകാരപ്രദമാകുന്നതാണ് ഈ യൂണിറ്റ്.
രോഗികൾ ദുരിതത്തിൽ
സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിലവിൽ രണ്ട് ഡോക്ടർമാരുടെ സേവനമാണുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പോലും കൂടുതൽ ഡോക്ടർമാർ ലഭ്യമായിരിക്കെയാണ് ഈ അവഗണന. നിലവിൽ പ്രദേശത്തെ രോഗികൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പേര് നൽകി കാത്തിരിക്കുകയാണ്. പലരും ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. 2500 രൂപയാണ് സ്വകാര്യ മേഖലയിൽ ഡയാലിസിസിന് നൽകേണ്ട കുറഞ്ഞ തുക. ഇതോടെ ഭൂരിഭാഗം രോഗികളും ദുരിതത്തിലാണ്. കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് യൂണിറ്റ് ഉടൻ പ്രവർത്തന ക്ഷമമാക്കണമെന്നാണ് ജനങ്ങളുടെയും രോഗികളുടെയും ആവശ്യം.